ഗ്യാന്‍വ്യാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ; മസ്ജിദ് കമ്മറ്റിയോട് വിശദീകരണം തേടി സുപ്രീം കോടതി
national news
ഗ്യാന്‍വ്യാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ; മസ്ജിദ് കമ്മറ്റിയോട് വിശദീകരണം തേടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 11:03 pm

ന്യൂദല്‍ഹി: ഗ്യാന്‍വ്യാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്താനിരിക്കുന്ന സര്‍വേയുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മറ്റിയോട് വിശദീകരണം തേടി സുപ്രീം കോടതി. മസ്ജിദിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന സ്ഥലത്ത് സര്‍വേ ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി വിശദീകരണം ചോദിച്ച് ഉത്തരവിട്ടത്.

മസ്ജിദ് നില്‍ക്കുന്നത് പഴയ ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ശിവലിംഗമുണ്ടെന്നും സര്‍വേ ആവശ്യമാണെന്നുമായിരുന്നു ഹിന്ദുവിഭാഗത്തിന്റെ ഹരജി. ഹരജി പരിഗണിക്കവേ രണ്ടാഴ്ചക്കകം മസ്ജിദ് കമ്മറ്റിയോട് മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുകയും സീല്‍ ചെയ്ത സ്ഥലത്തെ സര്‍വേയെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തത്.

2022 മെയ് മാസത്തില്‍ മസ്ജിദിന്റെ ശുദ്ധീകരണ കുളത്തിന് സമീപം കോടതി നിര്‍ദ്ദേശിച്ച സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സീല്‍ ചെയ്ത പ്രദേശം അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

എല്ലാ സ്യൂട്ടുകളും ഏകീകരിക്കണമെന്നും വാരാണാസി ജില്ലാ കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

1991 ലെ നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്യൂട്ടുകളുടെ പരിപാലനത്തെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച പ്രത്യേക ലീവ് പെറ്റീഷന്‍ മുന്‍ഗണനാക്രമത്തില്‍ കേള്‍ക്കണമെന്ന് മസ്ജിദ് കമ്മിറ്റിയും പറയുകയുണ്ടായി. ഈ വിഷയങ്ങളില്‍ ഡിസംബര്‍ 17-ന് വാദം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

വാരാണസിയിലെ രണ്ട് വിചാരണ കോടതികളില്‍ നിലവില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന 17 സ്യൂട്ടുകള്‍ ഏകീകരിക്കാനുള്ള ഹിന്ദു പക്ഷത്തിന്റെ അഭ്യര്‍ത്ഥനയോട് ജസ്റ്റിസുമാരായ സൂര്യ കാന്തും ഉജ്ജല്‍ ഭുയാനും അടങ്ങുന്ന ബെഞ്ച് പ്രഥമദൃഷ്ട്യാ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന വാദവുമായി ബന്ധപ്പെട്ട ഈ കേസുകള്‍ അലഹബാദ് ഹൈക്കോടതിയുടെ പരിധിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Survey of Archaeological Survey of India at Gyanvyapi; Supreme Court seeks explanation from Masjid Committee