തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ പിന്നീട് അഭിനയത്തിലും സ്‌ക്രിപ്റ്റ് സെലക്ഷനിലും എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സൂര്യ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2ഡി എന്റര്‍ടൈന്മെന്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. 2ഡി എന്റര്‍ടൈന്മെന്റ്‌സിന്റെ ഏറ്റവും പുതിയ ചിത്രമാണ് മെയ്യഴകന്‍.
96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സൂര്യ അരവിന്ദ് സ്വാമിയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
1992ല്‍ റോജ ഹിറ്റായപ്പോള്‍ ആ ചിത്രം താന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും അന്ന് അവിടെ അരവിന്ദ് സ്വാമിയും വന്നിരുന്നെന്നും സൂര്യ പറഞ്ഞു. അന്ന് അരവിന്ദ് സ്വാമി ഇട്ടത് ഒരു മെറൂണ്‍ ടീ ഷര്‍ട്ടായിരുന്നെന്നും അത് കണ്ടിട്ട് താനും അതുപോലൊരു ടീ ഷര്‍ട്ട് വാങ്ങിയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇന്നും തന്റെ വാര്‍ഡ്രോബില്‍ ആ ടീ ഷര്‍ട്ട് കാണുമ്പോള്‍ തനിക്ക് അരവിന്ദ് സ്വാമിയെ ആദ്യമായി കണ്ട അനുഭവം ഓര്‍മ വരുമെന്നും സൂര്യ പറഞ്ഞു. 1992 മുതല്‍ അദ്ദേഹം അഭിനയത്തില്‍ ഞെട്ടിക്കുന്നുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് റോജ റിലീസാകുന്നത്. സിനിമയും പാട്ടും സൂപ്പര്‍ഹിറ്റായി നില്‍ക്കുന്ന സമയത്ത് ഞാനത് തിയേറ്ററില്‍ പോയി കണ്ടിരുന്നു. അന്ന് ആ തിയേറ്ററില്‍ അരവിന്ദ് സാറും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് പോയി സംസാരിക്കാനുള്ള ധൈര്യമില്ലായിരുന്നു. എനിക്ക് നല്ല ഓര്‍മയുണ്ട്. അന്നദ്ദേഹം ഒരു മെറൂണ്‍ ടീ ഷര്‍ട്ടായിരുന്നു ഇട്ടിരുന്നത്.
അത് കണ്ടിട്ട് അതുപോലെ ഒരു മെറൂണ്‍ ടീ ഷര്‍ട്ട് ഞാനും വാങ്ങി. ഇന്നും അതെന്റെ വാര്‍ഡ്രോബില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അത് കാണുമ്പോള്‍ മുഴുവന്‍ എനിക്ക് റോജ കണ്ട ഓര്‍മകള്‍ ഫ്‌ളാഷായി മനസില്‍ വരും. 1992 മുതല്‍ നമ്മളെ അഭിനയത്തിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് അരവിന്ദ് സാര്‍. അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് ഞാന്‍,’ സൂര്യ പറഞ്ഞു.
Content Highlight: Suriya about Aravind Swamy and Roja movie