തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചരണ ദിനമായ ഇന്ന് മോഹന്‍ലാലിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് നടനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി.
ഇത് നിശബദ് പ്രചരണത്തിന്റെ സമയമാണെന്നും തന്റെ മണ്ഡലത്തിന് പുറത്ത് വന്ന് അത് ചെയ്യുകയാണെന്നുമായിരുന്നു സുരേഷ് ഗോപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
പതിനഞ്ച് മിനുട്ട് നേരത്തെ സംസാരത്തിന് ശേഷം മോഹന്‍ലാലിനെ പൊന്നാട അണിയിച്ച ശേഷമായിരുന്നു ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചത്.
കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്താണെന്ന ചോദ്യത്തിന് ഞാന്‍ എന്റെ സത്ീര്‍ത്ഥ്യനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
”ഞാനെന്റെ സതീര്‍ത്ഥ്യനെ കാണാനെത്തിയതാണ്, എന്റെ സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് ഒരു സൂപ്പര്‍താരമെന്നെ കൊണ്ടുനടന്നു. മമ്മൂക്കയും കൊണ്ടുനടന്നു. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മിക്കവാറും ലാലിന്റെ മുറിയില്‍ ലാല്‍ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. മിക്കവാറും ലാലും സുചിയും എന്റെ വീട്ടില്‍ വരും .ഞങ്ങളും അങ്ങനെ തന്നെ. അപ്പോള്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു മൂഹൂര്‍ത്തത്തിന് ലാലിന്റെ അനുഗ്രഹവും എനിക്ക് അനിവാര്യമാണ്. ആ അനുഗ്രഹം വാങ്ങാന്‍ എനിക്ക് അനുമതി കിട്ടി. വന്നു സന്ദര്‍ശിച്ചു. ഇത് ഒരു നിശബദ് പ്രചരണത്തിന്റെ സമയമാണ്. പക്ഷേ ഞാന്‍ എന്റെ മണ്ഡലത്തിന് പുറത്ത് വന്ന് അത് ചെയ്യുന്നു”- സുരേഷ് ഗോപി പറഞ്ഞു.