Entertainment
കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ സെറ്റിലേക്കോ വീട്ടിലേക്കോ കയറിച്ചെല്ലും; അനുഭവം പങ്കുവെച്ച് സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 24, 10:45 am
Thursday, 24th December 2020, 4:15 pm

മലയാളികളുടെ പ്രിയനടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യകഥാപാത്രങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരു പോലെ ചെയ്ത് സുരാജ് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങാറുണ്ട്.

തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമാ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂട്. കൂടെ മമ്മൂട്ടിക്കൊപ്പമുള്ള സിനിമാ അനുഭവങ്ങളും സുരാജ് പങ്കുവെക്കുന്നു.

തന്റെ വിവാഹം കഴിഞ്ഞയുടനെയാണ് രാജമാണിക്യത്തിന്റെ സെറ്റിലേക്ക് പോയതെന്നും പൊള്ളാച്ചിയില്‍ വെച്ചുള്ള ഷൂട്ടിങ്ങ് താന്‍ ആസ്വദിച്ചുവെന്നും സുരാജ് പറയുന്നു. സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് മമ്മൂട്ടിയോട് അടുപ്പത്തിലാവുന്നതെന്നും പിന്നീട് മായാവിലേക്ക് തന്നെ തെരഞ്ഞെടുത്തത് മമ്മൂട്ടിയാണെന്നും സുരാജ് പറയുന്നു.

മമ്മൂട്ടിയെ എപ്പോഴെങ്കിലും കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കോ ഷൂട്ടിങ്ങ് സെറ്റിലേക്കോ പോവാറാണ് പതിവെന്നും സുരാജ് പറഞ്ഞു.

‘ഞാന്‍ അഭിനയിച്ച സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തില്‍ നിന്ന് അഭിനന്ദനങ്ങള്‍ എത്തുമായിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വാക്കുകള്‍ ഇന്നും ഓര്‍മയിലുണ്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലുമെല്ലാം പ്രായം ചെന്ന വേഷത്തില്‍ വന്നപ്പോള്‍, സ്ഥിരമായാല്‍ വയസ്സന്‍ വേഷങ്ങള്‍ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓര്‍മിപ്പിച്ചു’, സുരാജ് പറഞ്ഞു.

മിമിക്രിപരിപാടികളുമായി ഊരു ചുറ്റുന്ന കാലത്ത് മായാവി സിനിമ വന്നപ്പോള്‍ അതിന്റെ പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം പടം വന്നത് തനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും സുരാജ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suraj Venjaramoodu shares experience about mammootty