Advertisement
Film News
ഇത് ശരിയാക്കിയിട്ട് എന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ട് ഞാന്‍ പോയി, അതിഥി കരച്ചിലായി: ഷൂട്ടിനിടയില്‍ ഒപ്പിച്ച പ്രാങ്കിനെ പറ്റി സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 11, 07:00 am
Wednesday, 11th May 2022, 12:30 pm

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പത്താംവളവ്’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എം.പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്.

പത്താം വളവില്‍ സുരാജ് വെഞ്ഞാറമൂടും അതിഥി രവിയും അഭിനയിക്കുന്ന സീനില്‍ താനും സംവിധായകനും ചേര്‍ന്ന് അതിഥിയെ പറ്റിച്ചിട്ടുണ്ടെന്നും, അങ്ങനെ അതിഥി കരഞ്ഞിട്ടുണ്ടെന്നും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ബിഹൈന്റ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന്‍ എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു. ഇപ്പോള്‍ ഇത് പറയരുത്, അതിഥിയെ വിളിച്ച് റിഹേഴ്‌സല്‍ ചെയ്യിപ്പിക്കാം, ആ സമയം ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഉടക്കി പോകാം അപ്പോള്‍ സാര്‍ പാക്കപ്പ് വിളിക്കണം, പിന്നീട് നമുക്ക് വെളിപ്പെടുത്താം എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. അതിഥി ഉച്ച മുതല്‍ റെഡിയായി നില്‍ക്കുകയായിരുന്നു.

അതിഥി വന്ന് ഏയ്, എന്താ ഒരു മൂഡ് ഔട്ട് എന്ന് ചോദിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ ആ സീന്‍ റിഹേഴ്‌സല്‍ ചെയ്ത് തുടങ്ങി. എനിക്ക് മനസ്സില്‍ ചിരി വരുന്നുണ്ടായിരുന്നു. അതിഥി വന്ന് ഡയലോഗ് പറഞ്ഞപ്പോള്‍ ആ സീന്‍ ശരിയായില്ല, ഒന്ന് കൂടെ എന്ന് ഡയറക്ടര്‍ പറഞ്ഞു. ഞാനും അതിഥിയോട് അത് കറക്ടായിട്ട് ചെയ്യണം എന്ന് പറഞ്ഞു. അതിഥി എന്നോട് പതുക്കെ എങ്ങനെയാ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചു.

രണ്ടാമതും റിഹേഴ്‌സല്‍ ചെയ്തു. ആ സമയം ‘അതിഥീ പ്ലീസ്’ എന്ന് സംവിധായകന്‍ പറഞ്ഞു. വീണ്ടും മൂന്നാമത്തെ റിഹേഴ്‌സല്‍ ചെയ്യാന്‍ വന്നപ്പോള്‍, എന്റെ അതിഥി ഒന്ന് ശ്രദ്ധിച്ച് ചെയ്യ്, നിന്റെ ശ്രദ്ധ എവിടെയാണ് എന്നൊക്കെ അതിഥിയോട് ഞാന്‍ ചോദിച്ചു. ഇത് ശരിയാക്കിയിട്ട് എന്നെ വിളിച്ചാല്‍ മതി സാര്‍ എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പോയി. ഉടനെ സംവിധായകന്‍ പാക്കപ്പ് എന്നും വിളിച്ചു. അതിഥിയും അവരുടെ ചേച്ചിയുമെല്ലാം കരച്ചിലായി. രണ്ട് പേരും നന്നായി കരഞ്ഞു,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

അഭിലാഷ് പിള്ളയാണ് പത്താംവളവിന്റെ തിരക്കഥ ഒരുക്കിയത്. യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ബോളിവുഡ് നിര്‍മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്. ചിത്രം മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: suraj venjaramood says he pranked adithi ravi during th shoot with  the director