കൊച്ചി: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കാത്തതിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി പറഞ്ഞ കാര്യം ചെയ്യാനാവില്ലേയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
നാട്ടാനകളുടെ കണക്കെടുപ്പ് സംബന്ധിച്ച് കളക്ടര്‍ അടങ്ങുന്ന സമിതിയുടെ വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നല്‍കിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണമെന്നും തിങ്കളാഴ്ച കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
ബുധനാഴ്ച നടന്ന തിരൂര്‍ പുതിയങ്ങാടി യാറ തിങ്കല്‍ നേര്‍ച്ചക്കിടെ ആനയിടഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ വെള്ളിയാഴ്ചയോടെ പരിക്കേറ്റയാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. തിരൂര്‍ ഏഴൂര്‍ സ്വദേശി കുട്ടന്‍ചോലപാടിയില്‍ കൃഷ്ണന്‍കുട്ടി (58)യാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞത്. മദം പൊട്ടിയ ആന കൃഷ്ണന്‍കുട്ടിയെ തുമ്പികൈയില്‍ തൂക്കിയെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയായിരുന്നു നേര്‍ച്ചക്കിടെ ഇടഞ്ഞത്. അപകടത്തെ തുടര്‍ന്ന് മറ്റു ആനകളെ സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ അപകടത്തെ ഒഴിവാക്കി. പോത്തന്നൂര്‍ ഭാഗത്ത് നിന്നെത്തിയ വരവ് യാറത്തിന് മുമ്പില്‍ വെച്ചാണ് ആനയിടഞ്ഞത്.
പിന്നാലെ ആളുകള്‍ ഓടുകയും തിക്കിലും തിരക്കിലും പെട്ട് പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തില്‍ പത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.
Content Highlight: The incident of the elephant falling during the vows at Puhingadi; High Court criticized the district administration