മലയാളത്തിലും കെ.ജി.എഫ് വരണം എന്നാണ് എന്റെ ആഗ്രഹം: സുരാജ് വെഞ്ഞാറമൂട്
Entertainment news
മലയാളത്തിലും കെ.ജി.എഫ് വരണം എന്നാണ് എന്റെ ആഗ്രഹം: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th December 2022, 6:10 pm

കെ.ജി.എഫ് പോലെയുള്ള സിനിമകള്‍ മലയാളത്തിലും വരണമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. റോയ് സിനിമയുടെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമയിലാണ് എന്റെ സ്വപ്‌നങ്ങള്‍ മുഴുവനും നിലനില്‍ക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്. നല്ല ആളുകളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്നും എനിക്ക് ആഗ്രഹമുണ്ട്.

ഇപ്പോള്‍ സമീര്‍ താഹിറും ബിനുവുമൊത്ത് ഞാനൊരു സിനിമ ചെയ്യാന്‍ പോവുകയാണ്. അത് വേറെയൊരു ഴോണറിലുള്ള സിനിമയാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണത്. കെ.ജി.എഫ് ഒക്കെ വന്നില്ലേ, അത്രയും ചെറിയൊരു സ്ഥലത്ത് നിന്ന് ഒരു പാന്‍ ഇന്ത്യന്‍ സിനിമ വന്നില്ലേ.

അതുകൊണ്ട് തന്നെ എനിക്കും വലിയ ആഗ്രഹമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നും അങ്ങനെയൊരു സിനിമ വരണമെന്ന്. അങ്ങനത്തെ സിനിമയുടെ ഭാഗമാകുക എന്നതും എന്റെ വലിയ ആഗ്രഹമാണ്. ഇപ്പോള്‍ അങ്ങനെയൊരു സിനിമയില്‍ എത്തിപ്പെട്ടു എന്നാണ് ഞാന്‍ കരുതുന്നത്.

തിരക്കഥ തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയുടെ കഥ ഈ കാലഘട്ടത്തിന് പറ്റുന്നതാണോ എന്നാണ് ഞാന്‍ ആദ്യം നോക്കുന്നത്. അതുപോലെ തന്നെ എന്റെ കഥാപാത്രവും ഞാന്‍ നോക്കും, സിനിമയില്‍ മുഴുവനായി എന്റെ കഥാപാത്രത്തിന് എന്ത് ചെയ്യാനുണ്ട് എന്നാണ് നോക്കുന്നത്.

സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണോ പിന്നീട് ലഭിക്കുന്ന കഥാപാത്രങ്ങളെന്നും നോക്കും. പിന്നെ ബാക്കി കാര്യങ്ങളൊക്കെ സംഭവിച്ച് പോകുന്നതാണ്. അതുകൊണ്ട് തന്നെ ഞാന്‍ അതില്‍ കൂടുതലൊന്നും ചിന്തിക്കാറില്ല,’ സുരാജ് പറഞ്ഞു.

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയ റോയ് ആണ് സുരാജിന്റെ ഏറ്റവും പുതിയ സിനിമ. ടൈറ്റില്‍ കഥാപാത്രമായ റോയിയെയാണ് സുരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ജിന്‍സ് ഭാസ്‌കര്‍, വി.കെ ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, അജു ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

content highlight: suraj venjarammod says about his new projects