Entertainment
ചന്തയില്‍ വിലപേശുന്നതുപോലെ എന്നോട് സംസാരിക്കരുതെന്ന് പറയും: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 03:56 am
Friday, 28th February 2025, 9:26 am

ഇരുപതു വര്‍ഷത്തോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സുരഭി ലക്ഷ്മി. ടെലിവിഷനിലൂടെയും വെള്ളിത്തിരയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലും റൈഫിള്‍ ക്ലബ്ബ് എന്ന സിനിമയിലും പ്രധാന വേഷത്തിലെത്താന്‍ സുരഭിക്ക് കഴിഞ്ഞിരുന്നു.

സിനിമയിലെ നടിമാരുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. സിനിമയില്‍ ‘നടിമാര്‍ക്ക് പൊതുവേ പ്രതിഫലം കുറവാണെന്നും എന്നാല്‍ കുമാരി എന്ന സിനിമയിലേതുപോലെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ താന്‍ ഡിമാന്‍ഡ് ചെയ്യാറുണ്ടെന്നും സുരഭി പറയുന്നു.

ചന്തയില്‍ വിലപേശുന്നതുപോലെ തന്നോട് സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സുരഭി പറഞ്ഞു. ഇപ്പോള്‍ സിനിമയില്‍ സ്ത്രീകളെ പ്ലേസ് ചെയ്യുന്ന രീതിയില്‍ എല്ലാം മാറ്റം വന്നിട്ടുണ്ടെന്നും സമൂഹത്തില്‍ ഉണ്ടായ മാറ്റം തന്നെയാണ് സിനിമയിലുമുള്ളതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി ലക്ഷ്മി.

‘നടിമാര്‍ക്ക് പൊതുവേ പ്രതിഫലം കുറവാണ്. എന്നാല്‍, ‘കുമാരി’ എന്ന സിനിമയിലേതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ ഡിമാന്‍ഡ് ചെയ്യാറുണ്ട്. എനിക്ക് അത്രയും പണിയുണ്ടല്ലോ.

പക്ഷേ, ചന്തയില്‍ വിലപേശുന്നതുപോലെ എന്നോട് സംസാരിക്കരുതെന്ന് പറയും. സിനിമയില്‍ മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോഴും മാന്യമായ പ്രതിഫലം ആവശ്യപ്പെടാറുണ്ട്. ഇപ്പോള്‍ പലതരത്തിലുള്ള മുന്നേറ്റങ്ങളും ഉള്ളതുകൊണ്ട് ആളുകള്‍ ബോധവാന്മാരാണ്.

സിനിമകളില്‍ സ്ത്രീകളെ പ്ലേസ് ചെയ്യുന്നതിലും മാറ്റം വന്നിട്ടുണ്ട്. ഇടി കൊടുക്കുന്ന, നീ പോടാ എന്ന് തന്റേടത്തോടെ പറയുന്ന പെണ്ണുങ്ങളിലേക്ക് കഥാപാത്രങ്ങള്‍ മാറി. സമൂഹത്തില്‍ ഉണ്ടായ മാറ്റം തന്നെയാണ് സിനിമയിലുമുള്ളത്.

ഇക്കാലത്തെ പെണ്ണിന്റെ സങ്കല്പങ്ങളും അനുഭവങ്ങളും ഉള്‍ക്കൊള്ളാന്‍ എഴുത്തുകാര്‍ക്ക് കഴിയുന്നു. അങ്ങനെ സിനിമയില്‍ മാറ്റം പ്രകടമാകുന്നു,’ സുരഭി ലക്ഷ്മി പറയുന്നു.

 

Content highlight: Surabhi Lakshmi talks about remuneration of female actors in films