ആ ബോളിവുഡ് നടനെ എല്ലാവർക്കും പേടി, ഹിന്ദി അറിയാഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ കയ്യിലെടുത്തു: സുരഭി ലക്ഷ്മി
Entertainment
ആ ബോളിവുഡ് നടനെ എല്ലാവർക്കും പേടി, ഹിന്ദി അറിയാഞ്ഞിട്ടും ഞാൻ അദ്ദേഹത്തെ കയ്യിലെടുത്തു: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 12:11 pm

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സുരഭി ലക്ഷ്മി. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറാൻ സുരഭിക്ക് കഴിഞ്ഞിരുന്നു.

മിന്നാമിന്നുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടാനും സുരഭിക്ക് സാധിച്ചു. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സുരഭി ലക്ഷ്മി.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന സുരഭിയുടെ ചിത്രം. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. ദിലീഷ് പോത്തൻ, സെന്ന ഹെഗ്‌ഡേ, ഹനുമാൻ കൈൻഡ് തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുരഭി ലക്ഷ്മി.

ലൊക്കേഷലിൽ അനുരാഗ് കശ്യപിനെ പരിചയപ്പെടാൻ എല്ലാവർക്കും പേടിയായിരുന്നുവെന്നും തനിക്ക് ഹിന്ദിയൊന്നും അധികം അറിയില്ലെന്നും സുരഭി പറയുന്നു. എന്നാൽ അനുരാഗ് കശ്യപിന് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തിയത് താനാണെന്നും സെറ്റിൽ ഹനുമാൻ കൈൻഡ് ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും സുരഭി പറഞ്ഞു. എന്നാൽ താൻ പൊന്നാനിക്കാരനാണെന്ന് ഹനുമാൻ കൈൻഡ് പറഞ്ഞെന്നും സുരഭി പറഞ്ഞു. വണ്ടർ വാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു സുരഭി.

‘അനുരാഗ് കാശ്യപിനെ പരിചയപ്പെടാൻ എല്ലാവർക്കും പേടിയായിരുന്നു. എനിക്കാണെങ്കിൽ ഹിന്ദിയൊന്നും അങ്ങനെ അറിയില്ല. ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. അതോടു കൂടി കശ്യപ് ഫ്ലാറ്റ്.

കുറേപേരുണ്ട് ആ സിനിമയിൽ. സെന്ന ഹെഗ്‌ഡേ പിന്നെ കന്നഡയിലെ മറ്റൊരു സംവിധായകനൊക്കെ ആ സിനിമയിലുണ്ട്. പിന്നെ നമ്മുടെ ഹനുമാൻ കൈൻഡ്.

ഹനുമാൻ കൈൻഡ് ഭയങ്കര ഇംഗ്ലീഷിലൊക്കെയാണ് സംസാരിക്കുക. ഞാൻ മോനെയെന്ന് വിളിച്ചപ്പോൾ ഹനുമാൻ കൈൻഡ് പറഞ്ഞു, ചേച്ചി ഞാൻ പൊന്നാനിക്കാരൻ സൂരജാണ്, നിങ്ങൾ പേടിക്കേണ്ട എന്നായിരുന്നു,’സുരഭി ലക്ഷ്മി പറഞ്ഞു.

അതേസമയം ടൊവിനോ തോമസ് നായികയായ അജയന്റെ രണ്ടാം മോഷണത്തിൽ മാണിക്യം എന്ന നായിക കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടി കളക്ഷൻ നേടി കഴിഞ്ഞു.

Content Highlight: Surabhi Lakshmi About Anurag Kashyap