ന്യൂദല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതിനായി തൂക്കിക്കൊല്ലല്‍ അല്ലാതെ മറ്റൊരു മാര്‍ഗം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് താത്പര്യപ്പെട്ട് സുപ്രീം കോടതി. ഇതുസംബന്ധിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ രൂപീകരിക്കുന്നതിനെക്കുറിച്ചും കോടതി പറഞ്ഞു. വധശിക്ഷ നടപ്പാക്കാന്‍ വേദനരഹിത മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെക്കുറിച്ചും സമിതി പഠിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലുള്ള വധശിക്ഷാ രീതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
തൂക്കിക്കൊല്ലപ്പെടുമ്പോഴുണ്ടാകുന്ന ആഘാതവും വേദനയും സംബന്ധിച്ചും വധശിക്ഷ നടത്താനുതകുന്ന മറ്റ് അനുയോജ്യ മാര്‍ഗങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് കോടതി ആവശ്യപ്പെട്ടു.
തൂക്കിക്കൊല്ലല്‍, നീണ്ടുനില്‍ക്കുന്ന വേദനയും ബുദ്ധിമുട്ടുമുണ്ടാക്കുമെന്നും ഇതിനു പകരം വെടിവെയ്പ്, വൈദ്യുതാഘാതം ഏല്‍പിച്ചുള്ള വധശിക്ഷ, കുത്തിവെയ്പ്, ഗ്യാസ് ചേംബര്‍ മുതലായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് നന്നായിരിക്കുമെന്നും, ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കുറ്റവാളിക്ക് പെട്ടെന്നുള്ള മരണം സാധ്യമാകുമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
തൂക്കിക്കൊല്ലുന്നത് ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് ഹരജിക്കാരന്‍ കൂടിയായ അഡ്വക്കറ്റ് ഋഷി മല്‍ഹോത്ര വാദിച്ചു. അമേരിക്ക ഉള്‍പ്പെടെ 36 രാജ്യങ്ങള്‍ തൂക്കിക്കൊല്ലല്‍ അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Content Highlights: Supreme Courtseeking alternatives to the death penalty