ന്യൂദല്‍ഹി: നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയോടെ ഗവര്‍ണറുടെ നടപടി ഭരണഘനവിരുദ്ധമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ട് കൂടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി.ജെ.പിയുടെ പൊള്ളത്തരം കോടതി തള്ളിക്കളഞ്ഞെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. സുപ്രീം കോടതി വിധി മറികടന്ന് ബി.ജെ.പി ഇനി പണവും കായികശേഷിയും ഉപയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു.
Dont Miss സഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കും, 100 ശതമാനം ആത്മവിശ്വാസമുണ്ട് ; നാളെ അസംബ്ലി ചേരുമെന്നും യെദ്യൂരപ്പ
സുപ്രീം കോടതിയുടേത് ചരിത്രവിധിയാണന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പായി എല്ലാ എം.എല്‍.എമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞതായും സര്‍ക്കാരുമായി ബന്ധപ്പെട്ട് നയപരമായ ഒരു തീരുമാനവും അതുവരെ യെദ്യൂരപ്പയ്ക്ക് കൈക്കൊള്ളാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞതായി സിങ്‌വി മാധ്യമങ്ങളെ അറിയിച്ചു.
നാളെ വൈകുന്നേരം നാല് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നാളെ വോട്ടെടുപ്പ് വേണ്ടെന്ന ബി.ജെ.പി ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എം.എല്‍.എമാര്‍ക്ക് അത് സമ്മര്‍ദമാകുമെന്നും ബി.ജെ.പിയുടെ അഭിഭാഷന്‍ വാദിച്ചിരുന്നു.
ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.
സഭയില്‍ നാളെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ദളും രംഗത്തെത്തിയപ്പോള്‍ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി സ്വീകരിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് സമയം അനുവദിക്കണം, വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണം തുടങ്ങിയ ബി.ജെ.പിയുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്.
വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.