മുത്തലിക് ഗോവയില്‍ പ്രവേശിക്കണ്ട: സുപ്രീം കോടതി
Daily News
മുത്തലിക് ഗോവയില്‍ പ്രവേശിക്കണ്ട: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2015, 11:55 am

pramod-muthalik

ന്യൂദല്‍ഹി: സദാചാരപോലീസിങ്ങുമായി ബന്ധപ്പെട്ട് വിവാദത്തിലായ ശ്രീരാമസേന നേതാവ്‌ പ്രമോദ് മുത്തലിക്കിനെ ഗോവയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സുപ്രീം കോടതി വിലക്കി. മുംബൈ ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഗോവയിലെ ശ്രീരാം സേനയുടെ നേതാവാണ് മുത്തലിക്.

“നിങ്ങളെന്താണ് മംഗലാപുരത്തു ചെയ്യുന്നത്? നിങ്ങള്‍ സദാചാര പോലീസുകാരനാകുകയാണോ? അവിടുത്തെ പബ്ബുകളില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുകൊണ്ട്? സദാചാര പോലീസായി ജനങ്ങളെ മര്‍ദ്ദിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്? നിങ്ങളെ പുറത്താക്കുന്നതില്‍ ഹൈക്കോടതി എടുത്ത തീരുമാനം ശരിയാണ്. അടുത്ത ആറുമാസത്തേക്ക് ഇയാളെ ഗോവയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്നു.” കോടതി പറഞ്ഞു.

മുംബൈ ഹൈക്കോടതി വിധിക്കെതിരെ മുത്തലിക് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഗോവയിലും ദല്‍ഹിയിലുമായി പ്രവര്‍ത്തിക്കുന്ന ചില “അദൃശ്യമായ കൈകളാണ്” ഇതിനുപിന്നില്‍ എന്നായിരുന്നു പ്രമോദ് മുത്തലിക് ആരോപിച്ചിരുന്നത്. തന്റെ പൗരാവകാശങ്ങളെ ധ്വംസിക്കുന്നതാണ് ഇവയെന്നും ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഗോവയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി തനിക്ക് പോകേണ്ടതുണ്ടെന്നുമായിരുന്നു ഇയാളുടെ വാദം.

2009ല്‍ ഒരു കൂട്ടം അനുയായികളുമായിച്ചെന്ന് മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ചതോടുകൂടിയാണ് 52കാരനായ മുത്തലിക് ശ്രദ്ധയാകര്‍ഷിക്കുന്നത്.