ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്രയുടെ കാലാവധി വീണ്ടും നീട്ടി സുപ്രീം കോടതി. സെപ്റ്റംബര്‍ 15 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. മിശ്രയുടെ കാലാവധി ജൂലൈ 31ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എന്നാല്‍ കാലാവധി ഇനി നീട്ടിനല്‍കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗം ചേരാനിരിക്കുകയാണന്നും ഇതില്‍ മിശ്രയുടെ സേവനം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കോടതി കാലാവധി നീട്ടിനല്‍കിയത്.
മിശ്രയുടെ കാലാവധി നീട്ടി നല്‍കുന്നത് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഴുവന്‍ കഴിവില്ലാത്തവരാണെന്ന ചിത്രമല്ലേ നല്‍കുകയെന്നും ഒരു വ്യക്തയിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നത് ആത്മവീര്യം കെടുത്തില്ലേയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു.
എന്നാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗം നടക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും, ഇവയെ നേരിടാന്‍ സഞ്ജയുടെ സാന്നിധ്യം ആവശ്യമാണെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. എഫ്.എ.ടി.എഫ് അവലോകനം രാജ്യത്തെ ക്രെഡിറ്റ് റേറ്റിങ് നിര്‍ണയിക്കുമെന്നും ലോക ബാങ്കില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുമോയെന്നത് ക്രെഡിറ്റ് റേറ്റിങാണ് നിര്‍ണയിക്കുകയെന്നും എസ്.ജി കോടതിയെ അറിയിച്ചു. ഇവ മുന്‍നിര്‍ത്തിയാണ് കാലാവധി നീട്ടി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയുടെ വിധിയുണ്ടായിട്ടും മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ബുധനാഴ്ചയാണ് എന്‍ഫോഴ്സ് ഡയറകടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് കോടതി വിധി.
1984 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018ലാണ് ഇ.ഡി. ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ രണ്ട് വര്‍ഷത്തെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുതുക്കി. ഇതിനെതിരെ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീം കോടതി ശരിവെക്കുകയും വീണ്ടും നീട്ടി നല്‍കരുതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 2022 നവംബറില്‍ മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷം കൂടി കാലാവധി നീട്ടി. ഇവ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ ഹരജികളെത്തിയത്. ഇതോടെയായിരുന്നു ഈ മാസം 31ന് സഞ്ജയ് മിശ്രയെ മാറ്റണമെന്ന് കോടതി ഉത്തരവിട്ടത്.
എന്നാല്‍ എഫ്.എ.ടി.എഫ് റിവ്യൂ കണക്കിലെടുത്ത് കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.