ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓക്‌സിജന്‍,വാക്‌സിനേഷന്‍ എന്നിവയിലെ ദേശീയ നയം തങ്ങള്‍ക്ക് അറിയണമെന്ന് കോടതി ആവശ്യപ്പെട്ടു.
ആശുപത്രികളിലെ ഓക്‌സിജന്‍, കിടക്കകള്‍, ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ എന്നിവയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍ രീതി എന്നിവയെക്കുറിച്ച് കോടതിയ്ക്കറിയണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
ഓക്‌സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക