കേരളത്തെ തന്റെ പ്രഭാഷണം കൊണ്ടും എഴുത്തുകൊണ്ടും ചിന്ത കൊണ്ടും കഴിഞ്ഞ പത്തിരുപത് കൊല്ലമായി മലയാളികളെ ഇത്രമാത്രം ജാഗ്രതപ്പെടുത്തുന്നതില്‍ സുനില്‍ മാഷോളം മറ്റാരും ഇല്ലെന്ന് തന്നെ പറയാം. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെയും നിരവധി തവണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്ന സുനില്‍ പി. ഇളയിടവുമായി അധ്യാപകന്‍ വി.കെ ജോബിഷ് നടത്തിയ അഭിമുഖം.
പുതിയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കാണാത്ത അര്‍ത്ഥത്തില്‍ വിപുലമായ പ്രതിരോധങ്ങളുണ്ടായിരിക്കുകയാണ്. അതിന് പ്രത്യേകിച്ച് ക്യാംപസുകളില്‍ നിന്നാണ് നേതൃത്വം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ കുട്ടികള്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സാറിന്റെ നേതൃത്വത്തിലും യൂണിവേഴ്സിറ്റിയ്ക്കകത്ത് നിന്ന് തെരുവിലേക്കിറങ്ങുകയുണ്ടായി. ഒരധ്യാപകനെ കേരളം തെരുവില്‍ മുണ്ടും മടക്കികുത്തി ആ കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോകുന്ന ഒരു കാഴ്ച സോഷ്യല്‍മീഡിയയിലൊക്കെ കാണുകയുണ്ടായി. മാഷ് നേരത്തെ തന്നെ നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കാലങ്ങളായി പറയുന്നുണ്ട്. അങ്ങനെ പറഞ്ഞ് മാറ്റിയെടുക്കാന്‍ പറ്റുന്ന അല്ലെങ്കില്‍ പ്രസംഗിച്ച് മാറ്റിയെടുക്കാവുന്ന ഒരു സ്ഥലത്താണോ നാമിപ്പോള്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ അങ്ങനെയൊരു പ്രതീക്ഷയുണ്ടോ പ്രസംഗിച്ച് ഈ കാലമങ്ങ് മാറ്റിക്കളയാമെന്ന്?
പ്രസംഗം കൊണ്ട് വാസ്തവത്തില്‍ സമൂഹത്തിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ പറ്റും എന്നതില്‍ എനിക്ക് കാലങ്ങളായി സംശയങ്ങളുണ്ട്. പിന്നെ നമുക്കൊരു സാമൂഹ്യ ഇടപെടലിനുള്ള ഒരു രീതി താരതമ്യേന മെച്ചപ്പെട്ട നിലയില്‍ ചെയ്യാന്‍ കഴിയുന്ന കുറച്ച് സാര്‍ത്ഥകമായി ചെയ്യാന്‍ കഴിയുന്ന കാര്യം എന്ന നിലയിലാണ് അത് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ തന്നെ ഈ കഴിഞ്ഞ ഇടയ്ക്കൊക്കെ പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യം 30 വര്‍ഷമായി പ്രസംഗിക്കുന്നു ഇതുപോലെ.
30 വര്‍ഷം മുന്‍പ് പ്രസംഗിച്ച് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ മോശം ലോകമാണിപ്പോള്‍ ചുറ്റുമുള്ളതെന്ന് ഇടക്ക് തോന്നാറുണ്ട്. അപ്പോള്‍ അത് പ്രസംഗത്തിന്റെ കൂടെ ഫലമാണോ എന്ന് വേണമെങ്കില്‍ തിരിച്ചുചോദിക്കാം. അല്ലെങ്കില്‍ വളരെ വിമോചകമെന്നൊന്നും ഈ എക്സ്പ്രഷനെ കണ്ടുകൂട. പിന്നെ ഒരു കാര്യം ഞാന്‍ കുറെക്കാലമായിട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു സാധാരണ പ്രസംഗം എന്നതിനേക്കാള്‍ നമ്മുടെ ഒരു വിജ്ഞാനമേഖലയിലെ വളരെ പണ്ഡിതോചിതമായ ഒരു ചര്‍ച്ചാവിഷയങ്ങളായി നിലനിന്നിരുന്ന പല വിഷയങ്ങളേയും പൊതുസമൂഹത്തിലെത്തിക്കാന്‍ പറ്റുമോ എന്നുള്ള ഒരു ഇടനില നില്‍ക്കുകയാണ് ഞാന്‍ ചെയ്യുന്നത്.
എന്റെ ആശയങ്ങള്‍ പറഞ്ഞ് ആളുകളെ ബോധ്യപ്പെടുത്തുക എന്നതിനേക്കാള്‍ ഇതിന്റെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ദേശീയതയേക്കുറിച്ചാകാം, ചരിത്രത്തെക്കുറിച്ചാകാം, ഭൂതകാലത്തെക്കുറിച്ചാകാം അതെല്ലാം ഇങ്ങനെ പൊതുസമൂഹത്തിലേക്കെത്തിക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഇപ്പോള്‍ പ്രസംഗം ഞാന്‍ കൂടുതലായിട്ട് ഉപയോഗിക്കുന്നത്. ആ നിലയില്‍ അതിനൊരു സാംഗത്യം ഉണ്ടെന്നെനിക്ക് തോന്നുന്നു.
നമ്മള്‍ നേരിടുന്നൊരു വലിയ പ്രതിസന്ധി നമ്മുടെ വിജ്ഞാനത്തിന്റെ ഒരു സൂക്ഷ്മലോകത്തെ പൊതുലോകത്തേക്ക് പരിഭാഷപ്പെടുത്തുക എന്നൊരു പ്രവര്‍ത്തനം ഇപ്പോള്‍ കാര്യമായിട്ടാരും ഏറ്റെടുക്കുന്നില്ല. വാസ്തവത്തില്‍ അത് ഒരു ഭാഗത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളും മറുഭാഗത്ത് സാംസ്‌കാരിക നായകന്‍മാരും ചേര്‍ന്ന് ചെയ്യേണ്ടൊരു പണിയാണ്. ഈ രണ്ട് കൂട്ടരും ഇതില്‍ നിന്ന് തമ്മില്‍ തമ്മില്‍ അകന്നതുവഴി വലിയൊരു ഗ്യാപ് ഉണ്ട്. ഞാനെന്റെ വ്യക്തിപരമായൊരു അനുഭവം പറഞ്ഞാല്‍ മഹാഭാരതത്തെക്കുറിച്ച് പ്രസംഗിക്കുകയുണ്ടായി.
അതില്‍ ഞാന്‍ ആശ്രയിച്ച സ്രോതസുകള്‍ കൊസാമ്പി, റൊമില ഥാപ്പര്‍ ഇവരെയൊക്കെയാണ് വളരെ കൂടുതല്‍ ആശ്രയിച്ചത്. ആളുകള്‍ തീര്‍ത്തും പുതിയൊരു കാര്യം കേള്‍ക്കുന്നത് പോലെ അത് കേള്‍ക്കുകയുണ്ടായി. വാസ്തവത്തില്‍ കൊസാമ്പിയുടെ ഗീതാപഠനം വന്നിട്ട് 60 കൊല്ലമായി. അംബേദ്കറുടെ ഗീതാപഠനം വന്നിട്ട് 80-ഓളം വര്‍ഷമായി. ഇത് നമ്മള്‍ പറയുമ്പോള്‍ ആദ്യമായി പൊതുസമൂഹം കേള്‍ക്കുന്നു എന്നുള്ളത് നമ്മള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ ഒരു കാരണമാണ്.
നമ്മുടെ വിജ്ഞാനങ്ങളെല്ലാം അക്കാദമിക് സൊസൈറ്റിയില്‍ മാത്രമായിട്ട് നില്‍ക്കുന്നു.?
അതെ. കഴിഞ്ഞ ദിവസം ഞാന്‍ റൊമില ഥാപ്പറിന്റെ ഒരു ഇന്റര്‍വ്യൂ വായിക്കുകയുണ്ടായി. ഥാപ്പറിനോട് ചോദിക്കുന്നത് ഇന്ത്യയിലെ ചരിത്രവിജ്ഞാനത്തില്‍ തൃപ്തയാണോ? അതിന്റെ വളര്‍ച്ചയില്‍ എന്നാണ്. അവര് പറയുന്ന ഒരു കാര്യം അക്കാദമികളിലും സര്‍വകലാശാലകളിലും ചരിത്രവിജ്ഞാനം നേടിയ സ്ഥാനത്തില്‍ ഞാന്‍ പൊതുവെ സന്തുഷ്ടയാണ്. പക്ഷെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതില്‍ നമുക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നുണ്ട്. അവര് പറഞ്ഞതില്‍ നിന്ന് ഒരുപടി കൂടി നമുക്ക് മുമ്പോട്ട് പോകേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
പൊതുബോധത്തിലേക്ക് ചരിത്രത്തെ എത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ പൊതുബോധം ചരിത്രമായി കൊണ്ടുനടക്കുന്നതെന്താണോ അത് അക്കാദമിയിലേക്ക് തള്ളിക്കയറും. ഇപ്പോള്‍ തിരിച്ചുള്ള ഒരു പോക്കാണ്. പൊതുബോധത്തിലുള്ള ഈ മിത്തുകളും ഐതിഹ്യങ്ങളും ഭൂതകാലഭിമാനവും വ്യാജ സംതൃപ്തികളുമെല്ലാം ചരിത്രത്തിന്റെ വേഷം ആര്‍ജിച്ച് സര്‍വകലാശാലകളില്‍ നിന്ന് യഥാര്‍ത്ഥ ചരിത്രത്തെ തള്ളിമാറ്റുന്ന ഒരു പ്രക്രിയ ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് ഈ ട്രാന്‍സിലേഷന്‍ എന്നതൊരു പണ്ഡിതപ്രവര്‍ത്തനമല്ല.
വിജ്ഞാനശാഖയെ നിലനിര്‍ത്തണമെങ്കില്‍ തന്നെ നമ്മളിതിന് പൊതുബോധത്തിലും വേരുണ്ടാക്കണം. എക്സ്‌ക്ലൂസീവായ ഒരു സര്‍വകലാശാലാ മണ്ഡലത്തില്‍ മാത്രം ഒരു യഥാര്‍ത്ഥ ചരിത്രത്തിന് നില്‍ക്കാന്‍ പറ്റില്ല. ഇതിന് മനുഷ്യജീവിതത്തിലും വേര് വേണം. ആ വേരുണ്ടാക്കിയെടുക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ് എന്നത് അക്കാദമിക് പണ്ഡിതരും പൊതുസമൂഹവും കാണണം.
ഇതാണ് സുനില്‍ മാഷെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതായത് അക്കാദമിക് പണ്ഡിതന്മാര്‍ അതാത് യൂണിവേഴ്സിറ്റികള്‍ക്കകത്ത് അല്ലെങ്കില്‍ അവരുടെ ക്ലാസിനകത്തുള്ള വിനിമയം എന്നതിലപ്പുറത്ത് ചരിത്രത്തെ ഈ രീതിയില്‍ തെരുവിലേക്ക് കൊണ്ടുവന്നുള്ള ഒരു വിനിമയത്തിന് തയ്യാറാകുന്നില്ല എന്നതാണ്. പൊളിറ്റിക്സ് പഠിക്കുന്ന ആളായാലും പഠിപ്പിക്കുന്ന ആളായാലും എക്കണോമിക്‌സ് പഠിപ്പിക്കുന്ന ആളായാലുമൊക്കെ അതിനെ എങ്ങനെ ഇപ്പോള്‍ അനുഭവിക്കുന്ന രാഷ്ട്രീയ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ട് വിശദീകരിക്കാന്‍ എന്തുകൊണ്ടാണ് ഇവര്‍ ഇറങ്ങാത്തത്?
പലകാരണങ്ങളുണ്ടാകും. ഒന്ന് നമ്മുടെ വിജ്ഞാനാര്‍ജ്ജനത്തിന്റെ രീതി തന്നെ അതിന്റെ സാമൂഹികമാനത്തെക്കൂടി മനസിലാക്കുന്ന അല്ലെങ്കില്‍ അതുകൂടി ഉള്‍ച്ചേര്‍ക്കുന്ന രീതിയിലല്ല. പലപ്പോഴും ഒരു കേവലവിവരശേഖരണത്തിന്റേയോ അല്ലെങ്കില്‍ ഒരു വിജ്ഞാനമണ്ഡലത്തില്‍ ഒരു സ്വകാര്യമണ്ഡലത്തിലാണ് നില്‍ക്കുന്നത്. ലളിതമായിട്ട് പറഞ്ഞാല്‍ ഇപ്പോള്‍ ആധുനികശാസ്ത്രം പഠിച്ച ഒരാള്‍ അതില്‍ വലിയ ബിരുദം നേടിയ ഒരാള്‍ സാമൂഹികമായി വളരെ യാഥാസ്ഥിതികമായി നിലപാടെടുക്കുന്നത് നമുക്ക് കാണാന്‍ പറ്റും. അത് ഇന്ത്യയില്‍ വളരെ സ്വാഭാവികമാണ്. ഇതെന്താണെന്നുവെച്ചാല്‍ ജ്ഞാനത്തിന് സാമൂഹികമായതലത്തില്‍ ഉള്‍ക്കൊള്ളുന്നില്ല. അതിനെ കേവലജ്ഞാനമായി മാത്രമെടുക്കുന്നു. അത് നിങ്ങള്‍ ആര്‍ജ്ജിക്കുന്നു, സെമിനാറില്‍ അവതരിപ്പിക്കുന്നു, അത് മാറ്റിവെച്ചിട്ട് ഒരു പ്രൈവറ്റ് ഡൊമൈനില്‍ വരുന്നു.
അപ്പോള്‍ ഇവര്‍ക്കും ഉത്തരവാദിത്വമുണ്ട് നമ്മള്‍ ഇപ്പോളനുഭവിക്കുന്ന അവസ്ഥയില്‍?
എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഞാന്‍ കരുതുന്നത് നമ്മുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ സിസ്റ്റത്തിനുത്തരവാദിത്വമുണ്ട്. നമ്മുടെ അറിവിന്റെ വിനിമയരീതിയ്ക്ക് ഉത്തരവാദിത്വമുണ്ട്. അതിനെ തിരിച്ചറിഞ്ഞ് പ്രതികരിക്കുക എന്നതില്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഞാന്‍ അവരെ വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. പക്ഷെ നമ്മള്‍ ആര്‍ജ്ജിച്ച അറിവും നമ്മുടെ സാമൂഹികജീവിതവും തമ്മിലുള്ള വൈരുധ്യം ആളുകളെ അലോസരപ്പെടുത്തണം.
എന്റെ വ്യക്തിപരമായ അനുഭവം പറഞ്ഞാല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളം വലിയ തരത്തില്‍ വര്‍ഗീയമായ ധ്രുവീകരണത്തിലേക്ക് നീങ്ങുകയുണ്ടായി. ഈ ഘട്ടത്തില്‍ കേരളത്തിന്റെ സാമൂഹ്യശാസ്ത്രത്തിന്റേയും ചരിത്രത്തിന്റേയുമൊക്കെ വലിയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കേരളത്തില്‍ ഇടപെടേണ്ടതായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ആ ഇടപെടല്‍ നമ്മള്‍ കാണുന്നില്ല. അങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധാരണ രാഷ്ട്രീയക്കാരോ അല്ലെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആളുകളോ അല്ലാതെ യഥാര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹ്യരൂപീകരണത്തിന്റെ ചരിത്രമറിയുന്നവര്‍ പൊതുവെ അവരാരും ഇതിന് അനുകൂലമൊന്നുമല്ല, പക്ഷെ അവരുടെ ഈ മൗനം സമൂഹത്തെ ചലനാത്മകമാക്കുന്നതിന് പകരം സമൂഹത്തെ പ്രതിസന്ധിയില്ലാക്കിയ ഘടകങ്ങള്‍ക്ക് ബലം കൊടുക്കും.
ചില ചരിത്രഘട്ടങ്ങളില്‍ നമുക്കങ്ങനെ പാസീവായിട്ടിരിക്കാന്‍ പറ്റില്ല. അതിന്റര്‍ത്ഥം എല്ലാവരും റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കണം എന്നൊന്നുമല്ല. അതിന്റെ ആവശ്യവുമില്ല. ഞാന്‍ കേരളത്തിലെ ഏറ്റവും വലിയ വിപ്ലവകാരിയായ ചിന്തകനായി കാണുന്ന ആള്‍ കേസരി ബാലകൃഷ്ണപിള്ളയാണ്. കേസരി ഒരിക്കലും പബ്ലിക് ലൈഫില്‍ ഇടപെട്ട ഒരാളല്ല. അതേസമയം തന്നെ 1920 ല്‍ തിരുവിതാംകൂര്‍ യൂത്ത് ലീഗിന്റെ സമ്മേളനത്തില്‍ അധ്യക്ഷനാകുന്നുണ്ട് കേസരി. അന്ന് ആരും യൂത്ത് ലീഗ് സമ്മേളനത്തില്‍ പോകാത്ത കാലത്ത് കേസരി യൂത്ത് ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അങ്ങനെ ചരിത്രഘട്ടം ആവശ്യപ്പെടുന്ന ഒരു പ്രശ്‌നമുണ്ട്.
അതുകൊണ്ടായിരിക്കാം എനിക്ക് തോന്നുന്നത് രാമചന്ദ്രഗുഹയെപ്പോലുള്ള ആളുകള്‍ തെരുവിലിറങ്ങിയപ്പോള്‍ അര്‍ബന്‍ നക്‌സലുകളെന്ന് വിളിക്കുന്നു. ഇനിയൊരുപക്ഷെ തെരുവിലിറങ്ങുന്ന ആളുകളെല്ലാം ഈ രീതിയില്‍ കുറ്റവാളികളാക്കപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്. അതുപോലെ വ്യക്തിജീവിതം അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. നമ്മളിപ്പോള്‍ ഫൈനല്‍ പോയന്റില്‍ വന്ന് നില്‍ക്കുന്നത് പോലെയാണ്. താങ്കളൊക്കെ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഹിന്ദുത്വം അതിന്റെ പൊളിറ്റിക്‌സിന്റെ നമ്മുടെ മുന്നില്‍ ഏറ്റവും ദൃശ്യമായ സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇനി ഏത് തരത്തിലുള്ള പ്രതിരോധമാണ് നമുക്കാവശ്യം?
ഒന്ന് ഓരോരുത്തരുടെ താല്‍പ്പര്യമനുസരിച്ച് അവരാല്‍ കഴിയുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കണം. അതിപ്പോള്‍ പല അനുപാതത്തിലായിരിക്കും. എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാനിപ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനമാണെങ്കിലും സംഘടനാപ്രവര്‍ത്തനമാണെങ്കിലും അതൊക്കെ കഴിഞ്ഞാണ് അക്കാദമിക്‌സിലേക്ക് വന്നത്. അതുകൊണ്ട് ഇത്തരമൊരു ഇടപെടലിന് എനിക്ക് സ്വാഭാവികമായും വഴക്കമുണ്ട്. അത് മറ്റെല്ലാവര്‍ക്കും അങ്ങനെ ഉണ്ടാകണമെന്നില്ല. പക്ഷെ നമ്മളെല്ലാവരും തിരിച്ചറിയേണ്ട ഒരു കാര്യം ഏത് നിലയിലാണോ നമ്മളുടെ ചുറ്റുപാടിലെ പ്രശ്‌നത്തിനോട് എങ്ങനെയാണോ ഇടപെടാന്‍ കഴിയുന്നത് അത് വ്യക്തിപരമായി ചെയ്യാന്‍ നമുക്ക് സാധിക്കണം. കാരണം ഇനിയൊരു ഘട്ടം ചിലപ്പോള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
ചരിത്രത്തിനുള്ള ഒരു പ്രശ്‌നം ആ ക്രിട്ടിക്കല്‍ മൊമന്റില്‍ നമ്മള്‍ ഇടപെട്ടില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഞാനങ്ങനെ സമ്പൂര്‍ണ്ണമായിട്ട് പ്രെഡിക്ട് ചെയ്യുകയല്ല. അതൊരു ക്രിട്ടിക്കല്‍ സിറ്റുവേഷനാണ്. അത് നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തികളുടെ അത്തരത്തിലുള്ള ഇടപെടല്‍ പ്രധാനമായിരിക്കെ തന്നെ അതിനപ്പുറം നമ്മുടെ പൊതുപ്രവ ന സംവിധാനവും നിലനിന്നാല്‍ മാത്രമാണ് അവര്‍ക്കുപോലും അധികാരത്തിലേക്ക് വരാന്‍ പറ്റൂ. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നതിനേക്കാള്‍ ഇനി ഒരു തെരഞ്ഞെടുപ്പുണ്ടാകുമോ എന്നാണ് ചോദിക്കുന്നത്.
ഇന്ത്യയ്ക്കകത്ത് വ്യാപകമായി തെരുവുകളിലൊക്കെ ആളുകള്‍ ഇറങ്ങുന്നുവെങ്കിലും ഈ പോരാട്ടം ആര് നയിക്കും എന്നൊരു ചോദ്യമുണ്ടല്ലോ. നേരത്തെ വലിയ ബിംബങ്ങള്‍ നമ്മുടെ നേതൃനിരയിലുണ്ടായിരുന്നു. അങ്ങനെ ഒരു ബിംബത്തിന്റെ ഒരു അഭാവം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടല്ലോ.?
അങ്ങനെയൊരു ഇതിഹാസമാനമുള്ള നേതാവിന്റെ അഭാവം വേണമെങ്കില്‍ പറയാം. ഞാന്‍ കരുതുന്നത് ഒരു ബഹുജനസ്വഭാവമുള്ള സംഘടന അതിന്റെ നേതാവിനെ സൃഷ്ടിച്ചുകൊള്ളും എന്നാണ് പറയുന്നത്. നേതാക്കളില്ലാതെ തന്നെയും ഇത്രയും ചെറുത്തുനില്‍പ്പുകള്‍ വന്നല്ലോ. വലിയ നേതാക്കളുള്ള പ്രസ്ഥാനങ്ങളല്ലല്ലോ ഇതുണ്ടാക്കിയത്. അഭാവം എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ അതിനെക്കുറിച്ചൊന്നും വ്യാകുലപ്പെടാതെ സമരങ്ങള്‍ മുന്നോട്ടുപോകുക എന്നതാണ്.