വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ വീണ്ടും തന്റെ ക്ലാസ് വ്യക്തമാക്കി കരീബിയന്‍ സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍. എസെക്‌സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് നടത്തിയാണ് സുനില്‍ നരെയ്ന്‍ ചര്‍ച്ചയിലേക്കുയര്‍ന്നത്.
കഴിഞ്ഞ ദിവസം ഓവലില്‍ നടന്ന മത്സരത്തിലാണ് സുനില്‍ നരെയ്ന്‍ തന്റെ ബ്രൂട്ടല്‍ ഹാര്‍ഡി ഹിറ്റിങ് കേപ്പബിലിറ്റി ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്.
വെറും 38 പന്തില്‍ നിന്നും ആറ് സിക്‌സറും ഏഴ് ബൗണ്ടറിയുമടക്കം 78 റണ്‍സാണ് നരെയ്ന്‍ അടിച്ചുകൂട്ടിയത്. 205.26 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
നരെയ്‌ന്റെ വെടിക്കെട്ടില്‍ സറേ മികച്ച സ്‌കോറിലേക്കുയര്‍ന്നെങ്കിലും വിജയിക്കാന്‍ മാത്രം സാധിച്ചില്ല. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സറേക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചില്ല.
സുനില്‍ നരെയ്‌ന് പുറമെ വില്‍ ജാക്‌സ് (13 പന്തില്‍ 23), ജേസണ്‍ റോയ് (24 പന്തില്‍ 28), ജെയ്മി ഓവര്‍ട്ടണ്‍ (17 പന്തില്‍ 23) എന്നവരാണ് ടോട്ടലിലേക്ക് സംഭാവന ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് സറേ നേടിയത്. എസെക്‌സിനായി ഡാനിയല്‍ സാംസ്, ആരോണ്‍ ബിയേര്‍ഡ്, സാം കറന്‍, ക്യാപ്റ്റന്‍ സൈമണ്‍ ഹാര്‍മെര്‍, ഷെയ്ന്‍ സാന്റ്‌നെര്‍, പോള്‍ വാള്‍ട്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എസെക്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. സില്‍വര്‍ ഡക്കായി വിക്കറ്റ് കീപ്പര്‍ ആദം റോസിങ്ടണിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 140 റണ്‍സാണ് പിറന്നത്.
ഓപ്പണര്‍ ഡാന്‍ ലോറന്‍സ് 33 പന്തില്‍ നിന്നും 58 റണ്‍സ് നേടിയപ്പോള്‍ വണ്‍ ഡൗണായെത്തിയ മിക്കല്‍ പെപ്പര്‍ 39 പന്തില്‍ 75 റണ്‍സും നേടി.
പെപ്പറിനെ പുറത്താക്കി ക്രിസ് ജോര്‍ദനാണ് കൂട്ടുകെട്ട് പൊളിച്ചത്. പെപ്പര്‍ പുറത്തായി രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ലോറന്‍സിനെയും എസെക്‌സിന് നഷ്ടമായി. സുനില്‍ നരെയ്‌നാണ് വിക്കറ്റ് നേടിയത്.
ഏഴ് വിക്കറ്റ് കയ്യിലിരിക്കവെ 47 പന്തില്‍ നിന്നും 56 റണ്‍സ് മാത്രമായിരുമന്നു എസെക്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പന്ത് വരെ മത്സരം കൊണ്ടുചെന്നെത്തിക്കാന്‍ സറേക്കായി.
ഒരു വശത്ത് ഫിറോസ് ഖുഷി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകളുടെ പെരുമഴയായിരുന്നു. പോള്‍ വാള്‍ട്ടര്‍ (3), മാറ്റ് ക്രിച്ച്‌ലി (40 ഡാനിയല്‍ സാംസ് (3), സൈമണ്‍ ഹാര്‍മെര്‍ (3) എന്നിവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു.
ഒടുവില്‍ അവസാന പന്തില്‍ വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ ഖുഷി സീന്‍ അബോട്ടിനെ സിക്‌സറിന് പറത്തി വിജയം സ്വന്തമാക്കുകയായിരുന്നു. 26 പന്തില്‍ നിന്നും പുറത്താകാതെ 35 റണ്‍സാണ് ഖുഷി നേടിയത്.
ഈ വിജയത്തോടെ സൗത്ത് ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കും ക്വാര്‍ട്ടര്‍ ഫൈനലിലേക്കും കുതിക്കാനും എസെക്‌സിനായി. 14 മത്സരത്തില്‍ നിന്നും എട്ട് വിജയവുമായി 16 പോയിന്റാണ് എസെക്‌സിനുള്ളത്. 16 പോയിന്റ് തന്നെയുള്ള സറേ മൂന്നാമതാണ്.