ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 223 എന്ന സ്‌കോറാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ സഞ്ജുവിന്റെ പട ഐതിഹാസികമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ തോറ്റെങ്കിലും സുനില്‍ നരയ്ന്‍ നേടിയ അതിഗംഭീര സെഞ്ച്വറി പ്രകടനത്തിലാണ് കൊല്‍ക്കത്ത രാജസ്ഥാന്‍ എതിരെ വമ്പന്‍ സ്‌കോറില്‍ എത്തിയത്. നരയ്ന്‍ 56 പന്തില്‍ നിന്ന് 6 സിക്‌സും 13 ഫോറും ഉള്‍പ്പെടെ 106 റണ്‍സ് ആണ് നേടിയത്. 194.64 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതോടെ നരയ്‌നെ തേടി ഒരു കിടിലന്‍ റെക്കോഡാണ് എത്തിയിരിക്കുന്നത്, അതും ഐ.പി.എല്ലില്‍ ഒരാള്‍ക്ക് പോലും അവകാശപ്പെടാനാവാത്ത ഒരു റെക്കോഡ്.
ഐ.പി.എല്ലില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേടുന്നതുമായിട്ടുള്ള ആദ്യ താരവും ഏക താരവുമാകാനാണ് സുനില്‍ നരയ്‌ന് സാധിച്ചത്.
Sunil Narine is now the only player with both a century and five-wicket haul in IPL history. pic.twitter.com/4Bu5wFRUZ3
കൊല്‍ക്കത്തയ്ക്കുവേണ്ടി അങ്കിഷ് രഘുവാംഷി 18 പന്തില്‍ നിന്ന് 32സും നേടിയിരുന്നു. ഇംപാക്ട് പ്ലെയറായി 20 റണ്‍സ് ആണ് റിങ്കു സിങ് നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വിജയസാധ്യത മങ്ങിയപ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ ഐതിഹാസികമായ പ്രകടനത്തിലൂടെയാണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ 6 സിക്സും 9 ഫോറും ഉള്‍പ്പെടെ 106* റണ്‍സാണ് ബട്ലര്‍ അടിച്ചുകൂട്ടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ടാര്‍ഗറ്റ് ചെയ്‌സിങ്ങിനു സാക്ഷ്യം വഹിക്കുകയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സ്. ഇത് രണ്ടാമത്തെ തവണയാണ് രാജസ്ഥാന്‍ ഏറ്റവും വലിയ ടാര്‍ഗറ്റ് ചെയ്‌സിങ് നടത്തുന്നത്.
ബട്‌ലറിന് പുറമെ ജെയ്‌സ്വാള്‍ പതിവുപോലെ 19 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 റണ്‍സില്‍ കൂടാരം കയറി ആരാധകരെ നിരാശരാക്കി. മത്സരം മുന്നോട്ടു കൊണ്ടുപോയത് ബട്‌ലറും 34 റണ്‍സ് നേടിയ റിയാന്‍ പരാഗുമാണ്. രണ്ടു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 14 പന്തില്‍ നിന്നാണ് താരം മികച്ച പ്രകടനം പുറത്തെടുത്തത്.
പിന്നീട് 36 പന്തില്‍ 96 റണ്‍സ് വിജയലക്ഷ്യം ആയിരുന്ന ഘട്ടത്തില്‍ റോമാന്‍ പവലും ജോസ് ബട്ടറും ആഞ്ഞടിക്കുകയായിരുന്നു. പവല്‍ 13 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 26 റണ്‍സ് നേടി പുറത്തായപ്പോള്‍ രാജസ്ഥാനെ വിജയത്തിലെത്തിച്ചത് ബട്‌ലറായിരുന്നു.
Content highlight: Sunil Narine In Record Achievement