2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.
ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നോടിയായി പുതിയ സീസണില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ പ്രകടനങ്ങള്‍ എങ്ങനെയാകും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
പന്ത് ഈ സീസണില്‍ പഴയ ഫോമിലേക്ക് മടങ്ങാന്‍ കുറച്ചു സമയം എടുക്കുമെന്നും ബാറ്റിങ്ങിനും കീപ്പിങ്ങിനും കാല്‍മുട്ട് നിര്‍ണായകമായതിനാല്‍ പന്തിന് കളിക്കളത്തില്‍ വലിയ വെല്ലുവിളിയാകുമെന്നുമാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.
‘ഇപ്പോഴത്തെ സാഹചര്യം തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. എന്നാലും പന്ത് കുറച്ചുസമയങ്ങളില്‍ പ്രാക്ടീസ് ചെയ്തിരുന്നു എന്നതാണ് ഒരു പോസിറ്റീവ് ആയി നിലനില്‍ക്കുന്നത്. അവന്റെ കാല്‍മുട്ടിനേറ്റ പരിക്ക് വിക്കറ്റ് കീപ്പിങ്ങിനേയും ബാറ്റിങ്ങിനേയും ബാധിക്കും. അതുകൊണ്ടുതന്നെ പഴയ പന്തിന്റെ പ്രകടനങ്ങള്‍ ഈ സീസണില്‍ കാണാന്‍ സാധിക്കില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.
2022 ഡിസംബറില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പന്ത് ക്രിക്കറ്റില്‍ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു. ദല്‍ഹി സൂപ്പര്‍താരത്തിന് ഈ സീസണ്‍ നഷ്ടമാവുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും താരം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
അതേസമയം മാര്‍ച്ച് 23നാണ് ക്യാപ്പിറ്റല്‍സിന്റെ ആദ്യം മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികള്‍.
Content Highlight: Sunil Gavasker talks about Rishabh Pant