'രണ്ട് പതിറ്റാണ്ടിലെ ഫുട്‌ബോള്‍ കരിയറിനിടയില്‍ ഇങ്ങനെയൊരു ഇറങ്ങിപ്പോക്ക് ഉണ്ടായിട്ടില്ല'; പ്രതികരിച്ച് സുനില്‍ ഛേത്രി
Football
'രണ്ട് പതിറ്റാണ്ടിലെ ഫുട്‌ബോള്‍ കരിയറിനിടയില്‍ ഇങ്ങനെയൊരു ഇറങ്ങിപ്പോക്ക് ഉണ്ടായിട്ടില്ല'; പ്രതികരിച്ച് സുനില്‍ ഛേത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th March 2023, 9:04 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ ഗോള്‍ വിഷയത്തില്‍ പ്രതികരിച്ച് സുനില്‍ ഛേത്രി. തന്റെ 22 വര്‍ഷത്തെ കരിയറില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്നും ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെയായിരുന്നില്ല ചെയ്യേണ്ടതെന്നും ഛേത്രി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ 22 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനിടയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഫ്രീ കിക്കിന് അവസരം കിട്ടിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഫ്രീ കിക്ക് എടുക്കാന്‍ വിസില്‍ മുഴക്കേണ്ട കാര്യമോ താരങ്ങളുടെ വാള്‍ ശരിയായി നില്‍ക്കേണ്ട കാര്യമോ തനിക്കില്ലെന്ന് റഫറി ഞങ്ങളോട് പറഞ്ഞു.

അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ഉറപ്പാണോ എന്ന്. അപ്പോള്‍ അദ്ദേഹം വീണ്ടും അതുതന്നെ ആവര്‍ത്തിച്ച് പറഞ്ഞു. രണ്ടാം തവണയും ഉറപ്പല്ലേ എന്ന് ഞാന്‍ ചോദിക്കുകയും റഫറി അതെ എന്ന് പറുകയും ചെയ്തതിന് ശേഷമാണ് ഞാന്‍ ഫ്രീ കിക്ക് എടുത്തത്.

അപ്പോള്‍ ലൂണ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം അതുകേട്ടത് കൊണ്ട് തന്നെ ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് ലൂണക്ക് മനസിലായിരുന്നു.

തുടര്‍ന്ന് ലൂണ എന്നെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നിരുന്നാലും, ബ്ലാസ്‌റ്റേഴ്‌സ് ചെയ്തത് ശരിയായില്ല. അവര്‍ കളം വിടാന്‍ പാടില്ലായിരുന്നു. ഇതുപോലെയുള്ള കാര്യങ്ങള്‍ ഇങ്ങനെയല്ല ഡീല്‍ ചെയ്യേണ്ടത്,’ ഛേത്രി പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂര്‍ എഫ്.സി സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്‌കരിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു. അധിക സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ തൊണ്ണൂറ്റിയേഴാം മിനിട്ടിലാണ് മത്സരത്തില്‍ വഴിത്തിരിവുണ്ടായത്.

ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഗോള്‍ കേരളാ ഗോള്‍ കീപ്പര്‍ പ്രബുഷ്ഖന്‍ സിങ് ഗില്‍ തയ്യാറാകുന്നതിന് മുമ്പ് സുനില്‍ ചേത്രി സ്‌കോര്‍ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടത്. മത്സരത്തിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ വിവാദ ഗോള്‍ പിറന്നത്.

മത്സരത്തില്‍ റഫറിയുടെ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് ചേത്രി എടുത്ത ഷോട്ട് ഗോളാക്കാനാകില്ലഎന്നാരോപിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം വക വെക്കാതെ അധികൃതര്‍ ബെംഗളൂരുവിനെവിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഈ സീസണിലും ഐ.എസ്.എല്‍ കിരീടം എന്ന ലക്ഷ്യം ബ്ലാസ്റ്റേഴ്സിന് സാക്ഷാല്‍ക്കരിക്കാനാകില്ല.

ഇനി മുംബൈ സിറ്റി എഫ്.സിയെയാണ് ബെംഗളൂരു സെമിയില്‍ നേരിടുക.

Content Highlights: Sunil Chhetri reacts on his free kick