Daily News
ലൈംഗിക പീഡനം: സണ്‍ ടിവി സി.ഒ.ഒ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 26, 01:47 pm
Friday, 26th December 2014, 7:17 pm

sun
ചെന്നൈ: ലൈംഗിക പീഡനക്കേസില്‍ മലയാളിയായ സണ്‍ ടി.വി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചാനലിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ പ്രവീണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിന്റെ തന്നെ സഹോദര സ്ഥാപനമായ സൂര്യ ടിവിയിലെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വൈകീട്ട് അഞ്ചു മണിയോടെ അണ്ണാ നഗറിലുള്ള വസതിയില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിലെ പരാതിക്കാരിയും മലയാളിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവീണ്‍ ഇവരെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് പരാതിക്കാരി അഞ്ച് മാസം മുന്‍പ് സ്ഥാപനം വിട്ടിരുന്നു. പൊലീസില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ പ്രവീണ്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതിക്ക് ശാരീരികവും മാനസികവുമായ പീഡനമേറ്റിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്റെ സഹോദരനായ കലാ നിധി മാരന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സണ്‍ ടി.വി.