കണ്ണൂര്: ചലച്ചിത്ര നിര്മാതാവ് ലിബര്ട്ടി ബഷീര് നല്കിയ പരാതിയില് നടന് ദിലീപിന് സമന്സ്. തലശ്ശേരി ജുഡിഷ്യല് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്സ് നല്കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ പരാമര്ശത്തിലാണ് നടപടി. നടിയെ അക്രമിച്ച കേസ് ലിബര്ട്ടി ബഷീര് അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്നായിരുന്നു ദിലീപിന്റെ പ്രസ്താവന.
ലിബര്ട്ടി ബഷീര് മൂന്ന് വര്ഷം മുമ്പാണ് മജിസ്‌ട്രേറ്റ് കോടതിയില് കേസ് ഫയല് ചെയ്തത്. എന്നാല്, തുടര് നടപടികള് ഉണ്ടാകാത്ത സാഹചര്യത്തില് ബഷീര് രംഗത്ത് വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് കോടതിയുടെ നടപടി. നവംബര് ഏഴിന് കോടതിയില് ഹാജരാകാനാണ് സമന്സിലെ നിര്ദേശം.
അതേസമയം, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില് അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില് സമര്പ്പിച്ചിരുന്നു. കുറ്റപത്രത്തില് ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കാവ്യ മാധവനെ പ്രതിയാക്കാന് തെളിവില്ലാത്തതിനാല് സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. കാവ്യ ഉള്പ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തില് ഉള്ളത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെങ്കിലും അത് കണ്ടെത്താന് കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില് വ്യക്തമാക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില് 9 പ്രതികളാകും. അഭിഭാഷകര് തെളിവ് നശിപ്പിക്കാന് കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. സംവിധായകന് ബാലചന്ദ്രകുമാര് പ്രധാന സാക്ഷിയാണ്.