മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. പന്ത്രണ്ടുവയസുള്ളപ്പോള്‍ മലയാള സിനിമയില്‍ പാടിത്തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ബഡഗ, മറാത്തി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്. ഇതിനോടകം സുജാത 18,000 പാട്ടുകള്‍ പാടി റെക്കോഡ് ചെയ്തിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായും സുജാത വരാറുണ്ട്.
മലയാളത്തിലെ ഏറ്റവും മികച്ച യുഗ്മഗാനങ്ങളെല്ലാം പുറത്തുവന്നപ്പോൾ മിക്കതിലും സുജാതയുടെ ശബ്ദമുണ്ടായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം മികച്ച ഡ്യുയറ്റ് സോങ്ങുകൾ പാടിയിട്ടുള്ള സുജാത തനിക്കേറ്റവും ഇഷ്ടമുള്ള ഡ്യുയറ്റ് സോങിനെ കുറിച്ച് സംസാരിക്കുകയാണ്.
ജീവിതത്തിൽ കൂടുതലും താൻ ഡ്യുയറ്റ്സാണ് പാടിയിട്ടുള്ളതെന്നും എം.ജി.ശ്രീകുമാറിനൊപ്പം നല്ല ഗാനങ്ങൾ പാടാൻ സാധിച്ചിട്ടുണ്ടെന്നും സുജാത പറയുന്നു. എന്നാൽ താൻ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ഗാനം ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലെ ‘ഇനിയെന്ത് നൽകണം എന്ന’ ഗാനമാണെന്നും സുജാത കൂട്ടിച്ചേർത്തു.
‘ഏറ്റവും ഇഷ്ടപ്പെട്ട ഡ്യുയറ്റ് സോങ് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റില്ല. കാരണം ജീവിതത്തിൽ കൂടുതലും ഡ്യുയറ്റ്സാണ് ഞാൻ പാടിയിട്ടുള്ളത്. എം.ജി ശ്രീകുമാറിന്റെ കൂടെ ഒരുപാട് നല്ല പാട്ടുകളുണ്ട്. ‘ദുരെകിഴക്ക് ഉദിക്കും'(ചിത്രം) ‘അന്തിപ്പൊൻ വെട്ടം'(വന്ദനം) ‘ഒന്നാം കിളി പൊന്നാംകിളി'(കിളിച്ചുണ്ടൻ മാമ്പഴം) അങ്ങനെയങ്ങനെ. അതെല്ലാം എൻ്റെ ഇഷ്ടത്തിലുള്ളവയാണ്.
പക്ഷേ വേറൊരുപാട്ടുണ്ട്. ഔസേപ്പേട്ടൻ്റെ (ഔസേപ്പച്ചൻ) ‘ഇനിയെന്ത് നൽകണം ഞാൻ ഇനിയുമെന്ത് നൽകണം’ (ലൈഫ് ഈസ് ബ്യൂട്ടിഫുൾ) എന്നത് ഞാൻ ഹൃദയത്തോട് ചേർത്തുവെച്ച ഗാനമാണ്. സ്നേഹത്തിൻ്റെ മനോഹരമായ കൊടുക്കൽ വാങ്ങലുകളൊക്കെ വെളിയിൽ കൊണ്ടുവരുന്ന പാട്ടാണത്.
മറ്റൊന്ന് കൂടെ പറയാം. അതെനിക്ക് ഏറെ സന്തോഷം കൊണ്ടുവന്ന ഗാനമാണ്. പാടുമ്പോഴുമതേ, പുറത്തുവന്നപ്പോഴുമതേ. അതിനൊരു അവാർഡ് വരികയും ചെയ്‌തു. രമേഷ് നാരായണൻ്റെ ‘ഭാസുരി ശ്രുതിപോലെ’ (രാത്രിമഴ) എന്ന പാട്ട്. അതൊരു രാഗാടിസ്ഥാനത്തിലുള്ള പാട്ടാണ്. സ്റ്റേജിലൊക്കെ പാടാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷേ എനിക്കതിനോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. അതിൻ്റെ ഓർക്കസ്ട്ര, വരികൾ, എല്ലാം ചേർന്ന് അതെൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡ്യുയറ്റാക്കി മാറ്റി,’സുജാത പറയുന്നു.
Content Highlight: Sujatha Mohan About Her Favorite Duet Song