Kerala News
തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ; സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 01:07 pm
Friday, 31st January 2025, 6:37 pm

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ 15കാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ (വ്യാഴം) 15കാരന്‍ മിഹിര്‍ പഠിച്ചിരുന്ന  തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി കുടുംബം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മകന്‍ സ്‌കൂളില്‍ നിന്ന് വര്‍ണവിവേചനവും ക്രൂര മര്‍ദനവും നേരിട്ടെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ മകനെ ബാത്ത്റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിപ്പിക്കുകയും മുഖം പൂഴ്ത്തിവെച്ച് ഫ്ലഷ് അടിച്ചുവെന്നും പരാതിയില്‍ ആരോപണമുണ്ട്. സോഷ്യല്‍ മീഡിയയിലെ ചാറ്റുകളും സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബത്തിന്റെ പരാതി.

ആത്മഹത്യ ചെയ്ത ദിവസവും മകന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മകന്റെ സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം ആക്കൗണ്ട് പേജ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പരാതിയിലെ ആരോപണങ്ങള്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ നിഷേധിച്ചു. ഇതുവരെ റാഗിങ് സംബന്ധിച്ച പരാതികള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും റാഗിങ് നടന്നതായി വിവരങ്ങളില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചത്.

ജനുവരി 15നാണ് ഫ്‌ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചത്. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍-രചന ദമ്പതികളുടെ മകനാണ് മരിച്ചത്.

മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഹിര്‍. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ ഹില്‍പാലസ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Content Highlight: suicide of 15-year-old in Tripunithura; Minister of Education orders a comprehensive investigation