Entertainment
ഒരു വയസുള്ള കുട്ടി മാര്‍ക്കോ കാണുന്ന വീഡിയോ ഷെയര്‍ ചെയ്ത് ഉണ്ണിമുകുന്ദന്‍, വിമര്‍ശനമുയര്‍ന്നതോടെ പിന്‍വലിച്ച് തടിതപ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 04, 12:28 pm
Tuesday, 4th March 2025, 5:58 pm

കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടി തിയേറ്ററിലെത്തിയ ചിത്രം 100 കോടിയോളം കളക്ട് ചെയ്തിരുന്നു. 18 വയസിന് താഴെയുള്ളവര്‍ക്ക് കാണാന്‍ പാടില്ലാത്ത തരത്തില്‍ അതിക്രൂരമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

കേരളത്തില്‍ അടുത്തിടെ നടക്കുന്ന അക്രമണങ്ങള്‍ക്ക് മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നു എന്ന തരത്തില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ വെറും ഒരുവയസ് മാത്രമുള്ള കുട്ടി മാര്‍ക്കോ കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ ഉണ്ണിമുകുന്ദന്‍. ‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉണ്ണിമുകുന്ദന്‍ തന്റെ വാളില്‍ വീഡിയോ പബ്ലിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്രയും ചെറിയ കുട്ടി വയലന്‍സ് നിറഞ്ഞ സിനിമ കാണുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഉണ്ണിമുകുന്ദന്റെ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു.

വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. 18 വയസിന് താഴെയുള്ളവര്‍ ചിത്രം കാണാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് നടന്‍ ഇത്തരം പ്രവൃത്തികള്‍ ആഘോഷമാക്കുന്നത്.

ഒട്ടും ബോധമില്ലാതെ ഇങ്ങനെ പെരുമാറരുത് എന്ന് പലരും കമന്റിട്ടതോടെ ഉണ്ണിമുകുന്ദന്‍ തന്റെ വാളില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും അതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉണ്ണിമുകുന്ദന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് പലരില്‍ നിന്നും ഉയരുന്നത്.

‘പിഞ്ചുപൈതങ്ങള്‍ കണ്ടു വളരേണ്ട ഐറ്റം തന്നെ’, ‘രക്തം ഒഴുകുന്ന ക്രൂരരംഗങ്ങള്‍ ഒരു കുട്ടിക്ക് വെച്ചുകൊടുക്കാനുള്ള ബുദ്ധിവളര്‍ച്ച മാത്രമേ നമ്മുടെ സൂപ്പര്‍താരത്തിനുള്ളൂ’, തുടങ്ങിയ കമന്റുകളും പോസ്റ്റുകളും വൈറലായിരിക്കുകയാണ്. വിമര്‍ശനമുയര്‍ന്നതോടെ വീഡിയോ പബ്ലിഷ് ചെയ്ത ‘ഐ ആം ക്രിമിനോളജിസ്റ്റ്’ എന്ന ഐഡി കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.

ഒരു ക്രിമിനോളജിസ്റ്റ് തന്നെ സ്വന്തം കുട്ടിക്ക് ഇതുപോലുള്ള സിനിമകള്‍ കാണിക്കുന്നതിനെതിരെയും വിമര്‍ശനം വരുന്നുണ്ട്. കാണുന്നവന്റെ മനസ് മരവിക്കുന്ന തരത്തിലുള്ള വയലന്‍സാണ് മാര്‍ക്കോയില്‍ ആദ്യാവസാനമുള്ളത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ പല സീനുകളും അമച്വറാണെന്ന് പറഞ്ഞ് ട്രോളുകളുമുണ്ടായിരുന്നു.

Content Highlight: Unni Mukundan shared a video that a baby watching Marco movie on Phone and it’s become criticized