ഈ ചിത്രം ചെയ്യുന്നത് വരെ എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ അംഗീകരിച്ചിരുന്നില്ല; കാതലിലെ തങ്കന്‍ ചേട്ടന്‍ പറയുന്നു
Film News
ഈ ചിത്രം ചെയ്യുന്നത് വരെ എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ അംഗീകരിച്ചിരുന്നില്ല; കാതലിലെ തങ്കന്‍ ചേട്ടന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th November 2023, 11:03 pm

കാതല്‍ ദി കോറില്‍ മമ്മൂട്ടിക്കും ജ്യോതികക്കും ഒപ്പം പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സുധി കോഴിക്കോട്. ചിത്രത്തില്‍ മാത്യു തോമസ് എന്ന നായകനോളം തന്നെ പ്രാധാന്യമുണ്ടായിരുന്നു തങ്കന്‍ എന്ന കഥാപാത്രത്തിനും. തങ്കനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത് സുധി കോഴിക്കോടായിരുന്നു.

കാതല്‍ ദി കോര്‍ ചെയ്യുന്നതിന് മുമ്പ് വരെ താനും എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ അംഗീകരിച്ചിരുന്നില്ലെന്ന് നടന്‍ സുധി കോഴിക്കോട്. ചിത്രം ചെയ്തതിന് ശേഷമാണ് അവകുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സാധിച്ചതെന്നും സുധി പറഞ്ഞു. ഐ.എഫ്.എഫ്.ഐയില്‍ കാതല് ദി കോര്‍ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഈ സിനിമ ചെയ്തതിന് ശേഷമാണ് ഇങ്ങനെയുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കാന്‍ പറ്റിയത്. എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയെ അംഗീകരിക്കാതിരുന്ന ആളായിരുന്നു ഞാന്‍. രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ എന്ന ബുക്കാണ് ഈ സിനിമയുടെ റഫറന്‍സായി എനിക്ക് തന്നത്. സിനിമയുടെ ഫുള്‍ സ്‌ക്രിപ്റ്റ് പോലും എനിക്ക് അറിയില്ലായിരുന്നു. ആദ്യം സ്‌ക്രിപ്റ്റ് വായിക്കാന്‍ എന്നോട് പറഞ്ഞു. എന്നെപോലെ ഒരാള്‍ക്ക് ഇതുവരെ മനസിലാക്കാന്‍ സാധിക്കാത്തതായിരുന്നു ഈ സിറ്റുവേഷന്‍,’ സുധി കോഴിക്കോട് പറഞ്ഞു.

നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ആണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍ ദി കോര്‍. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: sudhi kozhikodu says that henever acknowledged The LGBTQ community until Kaathal the core