സി.ബി.ഐയുടെ കഥയെന്താണെന്ന് അഭിനേതാക്കള്‍ക്ക് പോലും അറിയില്ല: സുദേവ് നായര്‍
Movie Day
സി.ബി.ഐയുടെ കഥയെന്താണെന്ന് അഭിനേതാക്കള്‍ക്ക് പോലും അറിയില്ല: സുദേവ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th January 2022, 11:50 pm

ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ ശ്രദ്ധ നേടിയ താരമാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ട്‌നര്‍ എന്ന ചിത്രത്തിലൂടെ  മലയാളസിനിമ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ കഥ എങ്ങനെയാണ് വികസിക്കുന്നതെന്ന് അഭിനേതാക്കള്‍ക്ക് പോലും അറിയില്ലെന്നും അപ്പപ്പോള്‍ പറയുന്ന രംഗങ്ങള്‍ക്കനുസരിച്ച് അഭിനയിക്കുകയാമെന്നും സുദേവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ വിനോദ വിഭാഗമായ ഇ ടൈംസിനോടായിരുന്നു സുദേവിന്റെ പ്രതികരണം.

‘സി.ബി.ഐ സീരിസിലെ ആദ്യ രണ്ട് സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളൂ. സി.ബി.ഐ അഞ്ചാം ഭാഗത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ ശരിക്കും ത്രില്ലിലായിരുന്നു. പക്ഷേ എല്ലാവരും ചെയ്യുന്നത് പോലെ കാണാത്ത സി.ബി.ഐ സിനിമകള്‍ ഞാന്‍ കാണാന്‍ പോയില്ല.

ആ സിനിമകളെ പറ്റി ഒരു ധാരണകളും എന്റെ തലയില്‍ വെക്കേണ്ട എന്ന് തോന്നി. കാരണം അതെന്റെ പെര്‍ഫോമന്‍സിനെ ബാധിക്കും. അതുകൊണ്ട് ബ്ലാങ്ക് ആയി സെറ്റില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു,’ സുദേവ് പറയുന്നു.

‘സിനിമയുടെ സെറ്റ് വളരെ കംഫര്‍ട്ടബിളും സന്തോഷം നല്‍കുന്നതുമാണ്. പക്ഷേ കഥ എങ്ങനെ മുന്നോട്ട് പോകുമെന്നതിനെ പറ്റി അഭിനേതാക്കള്‍ക്ക് പോലും ഒരു ഐഡിയയുമില്ല.

ഓരോ സീനിലും നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന നിര്‍ദേശം മാത്രമാണ് ലഭിക്കുക. അതിനനുസരിച്ച് അഭിനയിക്കുക. ചില രംഗങ്ങളില്‍ ഞാന്‍ ശരിയുടെ ഭാഗത്താണെന്നും ചില രംഗങ്ങളില്‍ തെറ്റിന്റെ കൂടെയാണെന്നും തോന്നും,’ സുദേവ് കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐ സീരിസില്‍ പൊലീസ് ഒാഫീസറുടെ വേഷത്തിലാണ് സുദേവ് എത്തുന്നത്. സുദേവ് ആദ്യമായി പൊലീസ് വേഷത്തിലഭിനയിക്കുന്ന ചിത്രം കൂടിയാണ് സി.ബി.ഐ 5. വേറിട്ട ലുക്കിലായിരിക്കും സുദേവ് സി.ബി.ഐയില്‍ പ്രത്യക്ഷപ്പെടുക.

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഭീഷ്മ പര്‍വ്വത്തിലും ഒരു പ്രധാനകഥാപാത്രത്തെ സുദേവ് അവതരിപ്പിക്കുന്നുണ്ട്. രാജന്‍ എന്ന പേരിലുള്ള സുദേവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്ററിലും സുദേവ് അഭിനയിക്കുന്നുണ്ട്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ വില്ലന്‍ വേഷത്തിലാണ് സുദേവ് എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sudhev bair about cbi movie