പ്രസവിച്ച കുഞ്ഞിനെ തേടി ആറുമാസമായി അലയുന്നത് പ്രബുദ്ധ കേരളത്തിലാണ്; ഗോത്രനീതിക്കാണെങ്കില്‍ എന്തിനാണ് നമുക്ക് വനിതാകമ്മീഷനും നിരവധി വനിതാ നേതാക്കളും: സുധ മേനോന്‍
കോഴിക്കോട്: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധ മേനോന്‍. ഗോത്രനീതി നിലനിര്‍ത്താന്‍ വേണ്ടിയാണെങ്കില്‍ എന്തിനാണ് നമുക്ക് വനിതാകമ്മീഷനും നിരവധി വനിതാ നേതാക്കളുമെന്ന് അവര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ വിമര്‍ശനം.
അനുപമക്ക് സ്വന്തം അച്ഛനില്‍ നിന്നും പൊലീസില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി കിട്ടിയില്ലെന്നും സുധ മേനോന്‍ പറഞ്ഞു. താന്‍ പ്രസവിച്ച കുഞ്ഞിനെ തേടി അനുപമ ആറുമാസമായി അലയുന്നത് പ്രബുദ്ധ കേരളത്തിലാണെന്നും സുധ മേനോന്‍ പറഞ്ഞു.
‘ഗര്‍ഭസ്ഥശിശുവിനെ ‘ദുരഭിമാനക്കൊല’ ചെയ്യാന്‍ തീരുമാനിച്ച മാതാ-പിതാക്കള്‍ ആണ് ഇടതുപക്ഷവും പുരോഗമനവും പറയുന്നത് എന്നോര്‍ക്കണം. അതേ മാതാപിതാക്കള്‍ തന്നെയാണ് പിഞ്ചുകുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റിയതും. അച്ഛനും അമ്മയും ഉള്ള കുഞ്ഞിനെ അവരില്‍ നിന്നും മാറ്റി അനാഥാലയത്തില്‍ ഏല്‍പ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റവും കുഞ്ഞിനോടുള്ള നീതി നിഷേധവുമാണ്!
എന്നിട്ടും, നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഒന്നടങ്കം മൗനം പാലിക്കുന്നു. മുഖം തിരിക്കുന്നു. എന്ത് ന്യായമാണിത്?’സ്ത്രീപക്ഷം എന്ന് പറയുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ കുറെ സ്ത്രീകളെ സംഘടനാഭാരവാഹികളും, പ്രതിനിധികളും ആക്കുന്നതും അത് ആഘോഷിക്കുന്നതും മാത്രമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് അവളുടെ ഇഷ്ടപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നതും അത് സംരക്ഷിക്കുന്നതും കൂടി ആണ്. ഗോത്രനീതി നിലനിര്‍ത്താന്‍ വേണ്ടി ആണെങ്കില്‍ എന്തിനാണ് നമുക്ക് വനിതാകമ്മീഷനും നിരവധി വനിതാ നേതാക്കളും,’ സുധ മേനോന്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്. പേരൂര്‍ക്കട പൊലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിക്കുന്നില്ല.
കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി പറയുന്നു. പേരൂര്‍ക്കടയിലെ പ്രാദേശിക സി.പി.ഐ.എം നേതാവ് ജയചന്ദ്രന്റെ മകളാണ് അനുപമ.