അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ടാണ് എന്റെ സഹോദന്‍ കൊല്ലപ്പെട്ടത്; ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്; ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പൊലീസുകാരന്റെ സഹോദരി
Bulandshahr violence
അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ടാണ് എന്റെ സഹോദന്‍ കൊല്ലപ്പെട്ടത്; ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്; ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പൊലീസുകാരന്റെ സഹോദരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 12:18 pm

 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗോവധമാരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സുബോധ് കുമാറിന്റെ സഹോദരി.

ബീഫ് കൈവശംവെച്ചെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അന്വേഷിക്കുന്നതുകൊണ്ടാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്നാണ് സുബോധിന്റെ സഹോദരി ആരോപിക്കുന്നത്.

” എന്റെ സഹോദരന്‍ അഖ്‌ലാഖ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാരണം കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്. അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും സ്മാരകം നിര്‍മ്മിക്കുകയും വേണം. ഞങ്ങള്‍ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു, പശു പശു എന്ന് പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.” സുബോധിന്റെ സഹോദരി പറഞ്ഞതായി എ.എന്‍.ഐ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read:ബുലന്ദ്ശ്വര്‍ കൊലപാതകം; ബജ്‌റംഗദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍; ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ അറസ്റ്റിലായതായും പൊലീസ്

അഖ്‌ലാഖ് കേസ് അന്വേഷിച്ചത് സുബോധാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ സുബോധ് കുമാറിനെ കേസിന്റെ പാതിവഴിയില്‍ വെച്ച് വാരാണസിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം സുബോധ് കുമാര്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കല്ലേറിനിടെയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സുബോധിന്റെ ഇടത് പുരികത്തിന് സമീപം വെടിയേറ്റിട്ടുണ്ടെന്നും വെടിയുണ്ട തലയോട്ടിയ്ക്ക് മാരകമായ ക്ഷതമേല്‍പ്പിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാദ്രിയിലെ അഖ്‌ലാഖ്  കൊലപാതകക്കേസില്‍ ആദ്യ അന്വേഷണം നടത്തിയത് സുബോധായിരുന്നുവെന്ന് എ.ഡി.ജി.പി അനന്ത് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: ബുലന്ദ്ശഹര്‍ കലാപം; ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് മുന്‍ സൈനികനെന്ന് റിപ്പോര്‍ട്ട്

ദേശീയ തലത്തില്‍ ചര്‍ച്ചയായ ദാദ്രി സംഭവത്തില്‍ 18 പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 2015 സെപ്തംബര്‍ 28നാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് (52) എന്നയാളെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു.

വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.