">
റെയില്‍വേ സ്‌റ്റേഷനിലും കൈവെച്ച് സംഘപരിവാര്‍; ഹിന്ദിവത്കരണത്തിന്റെ പുതിയ ഉദാഹരണം
ആദര്‍ശ് എം.കെ.

സംഘപരിവാറിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉയര്‍ന്നിരിക്കുന്നത്. മറ്റ് ഭാഷകള്‍ക്ക് മേല്‍ ഹിന്ദിയെ പ്രതിഷ്ഠിക്കാന്‍ കേന്ദ്ര സര്‍ക്കാരും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘപരിവാറും ബോര്‍ഡുകളടക്കം തിരുത്തിയെഴുതിയാണ് ദൈനംദിന ജീവിതത്തിലേക്ക് ഹിന്ദി അടിച്ചേല്‍പിക്കുന്നത്.

അക്കാദമിക തലത്തിലും ഭരണ തലത്തിലും ഹിന്ദി ഭാഷയെ പ്രതിഷ്ഠിക്കാന്‍ തന്നെയാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പല പ്രസ്താവനകളും ഇത് വ്യക്തമാക്കുന്നതാണ്. രാജ്യത്തുള്ള എല്ലാവരും തന്നെ ഹിന്ദി സംസാരിക്കാന്‍ പഠിക്കണമെന്നും ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങല്‍ തമ്മിലുള്ള ആശയവിനിമയം ഹിന്ദിയിലാക്കണമെനന്നും അമിത് ഷാ പറഞ്ഞിരുന്നു.

പാര്‍ലെമന്റ് ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് യോഗത്തിലായിരുന്നു ഷായുടെ ഈ പ്രസ്താവനകള്‍. ഇത് മാത്രമല്ല, ഇതിന് മുമ്പും അമിത് ഷാ സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒരു പൊതുഭാഷ വേണമെന്നും അത് ഹിന്ദിയായിരിക്കണമെന്നും, സ്വാതന്ത്രയസമര സേനാനികളുടെ ഭാഷ ഹിന്ദിയാണെന്നുമായിരുന്നു 2019ല്‍ ഷാ ഒരു പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇതിന് പുറമെ ഗാന്ധിയും പട്ടേലും വിഭാവനം ചെയ്ത രാജ്യത്തുള്ളവരെല്ലാം തന്നെ ഹിന്ദി സംസാരിക്കുന്നവരാണെന്നും ഷാ പറഞ്ഞിരുന്നു.

അമിത് ഷാക്ക് പുറമെ ജ്യോതിരാദിത്യ സിന്ധ്യ, ബിപ്ലബ് കുമാര്‍ തുടങ്ങി നിരവധി ബി.ജെ.പി നേതാക്കള്‍ ഹിന്ദി വാദവുമായി പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്.

ഭരണ തലത്തിന് പുറമെ വിദ്യാഭ്യാസ തലത്തിലും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നയം സംഘപരിവാര്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് എന്‍.ഇ.പിയുടെ കരട് നയം. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്നകതാണ് ഇതിലെ പ്രധാന ശിപാര്‍ശ.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷക്കും ഇംഗ്ലീഷിനും പുറമെ ഹിന്ദിയും, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മറ്റേതെങ്കിലും ആധുനിക ഇന്ത്യന്‍ ഭാഷയും നഴ്‌സറി തലം മുതല്‍ 12ാം തരം വരെ പഠിപ്പിക്കണമെന്നാണ് കസ്തൂരി രംഗന്‍ കമ്മീഷന്റെ 500 പേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതമായ ശ്രമം പലപ്പോഴായി നടന്നിരുന്നു. 1937ലെ തെരഞ്ഞെടുപ്പിന് ശേഷം മദ്രാസ് മുഖ്യമന്ത്രിയായ രാജഗോപാലാചാരിയാണ് ഹിന്ദി നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിക്കുന്നത്. ഇതിന് പിന്നാലെ വ്യാപക സമരങ്ങള്‍ തമിഴ്‌നാട്ടില്‍ അരങ്ങേറിയിരുന്നു.

തമിഴ് ജനത ഏറെ ആദരവോടെ തന്തൈ പെരിയോര്‍ എന്ന് വിളിക്കുന്ന ഇ.വി രാമസ്വാമി നായ്ക്കറും അദ്ദേഹത്തിന്റെ ജസ്റ്റിസ് പാര്‍ട്ടിയും സമരത്തിന്റെ മുന്‍നിരയിലേക്കെത്തിയതോടെ വലിയ പ്രക്ഷോഭത്തിന്റെ രൂപത്തിലേത്ത് സമരപരിപാടികള്‍ക്ക് മാറ്റം വന്നു. ഈ ഉത്തരവ് പിന്‍വലിക്കുവോളം സമരം തുടരുമെന്ന് അവര്‍ അറിയിച്ചു.

രണ്ടാം ലോകംമഹായുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനോട് വിയോജിച്ച് മദ്രാസ് സര്‍ക്കാര്‍ രാജിവെച്ചതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഹിന്ദി നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വീണ്ടും ദേശീയ ഭാഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ 15 വര്‍ഷക്കാലത്തേക്ക് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നും അതിന് ശേഷം മാത്രം മറ്റ് തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മതിയെന്നും കേന്ദ്രം നിലപാടെടുത്തു.

1965ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭക്തവത്സലത്തിന്റെ തീരുമാനത്തോടെ രാജ്യത്ത് ഹിന്ദി വിരുദ്ധ സമരം വീണ്ടും ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഉത്തരവിട്ടത്.

ഇതിന് പുറമെ ഐ.എ.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഹിന്ദി അവിഭാജ്യമാണെന്നും ഭരണ തലത്തിലും വിദ്യാഭ്യാസ തലത്തിലും ഹിന്ദി നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രഖ്യാപിക്കുകയും ചെയ്തതോടെ സമരങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു.

സര്‍വമേഖലയിലും ഹിന്ദിയായിരിക്കണമെന്ന നിലപാടിനെതിരെ മധുരയില്‍ സംഘടിപ്പിച്ച റാലിക്കിടെ ആക്രമണമുണ്ടാവുകയും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുയും ചെയ്‌തോടെ സംഭവം വഷളായി. ഇതോടെ തമിഴ്‌നാട് അക്ഷരാര്‍ത്ഥത്തില്‍ കത്തിയെരിഞ്ഞു. ചെന്നൈ, ചിദംബരം, കോയമ്പത്തൂര്‍, കന്യാകുമാരി, തിരുനെല്‍വേലി, സേലം ജില്ലകളില്‍ വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. പലയിടത്തും സമരക്കാരും പട്ടാളവും ഏറ്റുമുട്ടി.

അണ്ണാദുരൈയുടെ ആഹ്വാനമനുസരിച്ച് വിദ്യാര്‍ത്ഥികളും സാധാരണക്കാരും സമരമുഖത്തേക്കിറങ്ങിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. എന്നാല്‍ സമരക്കാരുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാവാതെ സമരത്തെ അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ഈ തീരുമാനത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അടിത്തറയിളുകയായിരന്നു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസില്‍ നിന്നും തമിഴ് മന്ത്രിമാര്‍ രാജിവെച്ച് തമിഴ്‌നാട്ടില്‍ നടക്കുന്ന സമരങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

1964 ന്റെ അവസാനം മുതല്‍ 1965 ജനുവരി വരെ നീണ്ടു നിന്ന രണ്ടാം ഹിന്ദി വിരുദ്ധ സമരം തമിഴ്‌നാട്ടില്‍ നാട്ടില്‍ നിന്നും കോണ്‍ഗ്രസിനെ തുടച്ചു നീക്കുകയായിരുന്നു. രണ്ട് മാസത്തോളം നീണ്ടു നിന്ന സമരത്തില്‍ 150 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണ സംഖ്യ 500 കടന്നു എന്നാണ് സമരക്കാരുടെ ഭാഷ്യം. അഞ്ച് പേര്‍ സ്വയം തീ കൊളുത്തി മരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഒടുവില്‍ വിജയം സമരാനുകൂലികള്‍ക്ക് തന്നെ ആയിരുന്നു.

തമിഴ്‌നാട്ടില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഹിന്ദി വത്കരണത്തിനെതിരെ പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. മെട്രോ സ്‌റ്റേഷനുകളുടെ പേര് ഹിന്ദിയിലും പ്രദര്‍ശിപ്പിക്കണമെന്ന കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ തീരുമാനമാണ് കര്‍ണാടകയില്‍ ഹിന്ദി വിരുദ്ധ സമരങ്ങള്‍ക്ക് കാരണമായത്.

സ്‌റ്റേഷനുകളുടെ പേര് കന്നഡയിലും ഇംഗ്ലീഷിലും മതിയെന്നാണ് സമരാനുകൂലികള്‍ വാദിച്ചത്. സ്റ്റേഷനുകളുടെ ഹിന്ദിയിലെഴുതിയ പേര് മറച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധിച്ചത്. അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ സമരത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്.

ഇതിന് സമാനമായി 2017ല്‍ പഞ്ചാബിലും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം നടന്നതിന് പിന്നാലെ ഹിന്ദി ബോര്‍ഡുകളില്‍ കറുത്ത ചായം തേച്ചുകൊണ്ടായിരുന്നു പഞ്ചാബ് ജനത പ്രതിഷേധിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ സഭയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പ്രതിപക്ഷ സ്വരങ്ങള്‍ പ്രതീക്ഷകക് വക നല്‍കുന്നുണ്ട്.

 

 

Content Highlight: Story about Hindi imposition policy

 

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.