'മുസ്‌ലിമിനെ ആശുപത്രിയിലെത്തിക്കുന്ന ഹിന്ദു; ഹിന്ദുവിനെ ആക്രമികളില്‍ നിന്നും രക്ഷിക്കുന്ന മുസ്‌ലിം'; സംഘപരിവാറിനും കലാപത്തിനും ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ബംഗാളിലെ മതസൗഹാര്‍ദ്ദം
India
'മുസ്‌ലിമിനെ ആശുപത്രിയിലെത്തിക്കുന്ന ഹിന്ദു; ഹിന്ദുവിനെ ആക്രമികളില്‍ നിന്നും രക്ഷിക്കുന്ന മുസ്‌ലിം'; സംഘപരിവാറിനും കലാപത്തിനും ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ബംഗാളിലെ മതസൗഹാര്‍ദ്ദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2017, 7:42 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കലാപത്തിന്റെ തീനാളങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മുസ്‌ലിമുകള്‍ക്കെതിരെ ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന വര്‍ഗ്ഗീയ പ്രചരണങ്ങളും കലാപത്തെ കൂടുതല്‍ വഷളാക്കി കൊണ്ടിരിക്കുകയാണ്. വ്യാജ വാര്‍ത്തകളും മറ്റ് സംഘപരിവാറിന്റെ ആലയില്‍ രൂപം കൊള്ളുന്നുണ്ട്. എന്നാല്‍ കലാപത്തിന്റെ ഇടയിലും കൊല്‍ക്കത്തയില്‍ നിന്നും ചില നല്ല വാര്‍ത്തകളും വരുന്നുണ്ടെന്നതാണ് വാസ്തവം.

അത്തരത്തില്‍ ഇരുമതങ്ങള്‍ക്കുമിടയിലെ സമാധാനത്തിന്റേയും പരസ്പര ബന്ധത്തിന്റെയും വാര്‍ത്തയാണ് ഫസ്ലുല്‍ ഗോഷ്, പ്രഭഷിഷ് ഗോഷ്, കാര്‍ത്തിക്ക് ഗോഷ്, അനിസുര്‍ റഹ്മാന്‍ എന്നിവര്‍ പങ്കു വയ്ക്കുന്നത്.

” എനിക്ക് ഓര്‍മ്മവെച്ചനാള്‍ മുതല്‍ എന്റെ ഗ്രാമത്തില്‍ ജീവിക്കുന്നയാളാണ് ഹസ്ലുല്‍. അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്.” ഗ്രാമത്തിലെ വര്‍ഗ്ഗീയ കലാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭഷിഷ് പറഞ്ഞ വാക്കുകളാണിത്. കലാപത്തിനിടെ ആക്രമിക്കപ്പെടുകയും പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്ത ബി.ജെ.പി നേതാവ് കൂടിയായ കാര്‍ത്തിക് ഗോഷിന്റെ മകനാണ് പ്രഭഷിഷ്.

അനിസുര്‍ റഹ്മാന്‍

തന്റെ പിതാവിനെ കൊണ്ടു പോയ അതേ ആംബുലന്‍സിലായിരുന്നു ഫസ്ലുലിനേയും അദ്ദേഹം ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഫസ്ലുലിനെ ഉടനെ തന്നെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഫസ്ലുലിനെ എസ്.എസ്.കെ.എമ്മിലെത്തിക്കുകയായിരുന്നു പ്രഭഷിഷ്.

പ്രഭഷിഷ് ഒരാള്‍ മാത്രമല്ല. ഇതുപോലെ നിരവധി പേരാണ് കലാപത്തിനിടയിലും ഇതര മതത്തില്‍പ്പെട്ട സഹോദരന്മാരെ ആശുപത്രിയിലെത്തിക്കാനും കലാപത്തില്‍ നിന്നും രക്ഷപ്പെടാനും തയ്യാറായി മുന്നോട്ട് വന്നത്. ബദുരിയയിലെ നാരായണ്‍പൂരിലെ 28 കാരനായ മുസ്‌ലിം യുവാവാണ് അനിസുര്‍ റഹ്മാന്‍. രുദ്രപൂരിലെ ഹിന്ദു വൃദ്ധന്റെ ഷോപ്പ് ആക്രമിക്കുന്നതില്‍ നിന്നും കലാപകാരികളായ മുസ്‌ലിമുകളെ തടഞ്ഞതിന്റെ പേരില്‍ അനിസുറിനെ അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


Also Read:  നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ മാലിന്യം പിടിച്ചെടുത്ത് കമ്പനിക്ക് മുന്‍പില്‍ തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍


” മുള വടി കൊണ്ടാണവര്‍ എന്നെ മര്‍ദ്ദിച്ചത്. അസഭ്യവാക്കുകളും പ്രയോഗിച്ചു. എല്ലാത്തിനും കാരണം ബബ്ലു അമ്മാവന്റെ കട ആക്രമിക്കുന്നത് തടഞ്ഞതായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ഒന്നിച്ച് താമസിക്കുന്നു. പിന്നെയെങ്ങനെ ഇതുപോലൊന്ന് നടക്കാന്‍ ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയും”. റഹ്മാന്‍ പറയുന്നു.

സ്വന്തം പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ഹിന്ദു യുവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.” വര്‍ഷങ്ങളായി ഞങ്ങള്‍ ജീവിക്കുന്നത് മുസ് ലിം ഭൂരിപക്ഷമുള്ള പ്രദേശത്താണ്. എന്നാല്‍ എന്റെ മുസ്‌ലിം സഹോദരങ്ങള്‍ പറയുന്നത്, എന്തു വില കൊടുത്തും അവര്‍ ഞങ്ങളെ സംരക്ഷിക്കുമെന്നാണ്.” ഈ വാക്കുകള്‍ സാക്ഷ്യമാണ്, പ്രദേശത്ത് ഇന്നും ഉലയാതെ നിലനില്‍ക്കുന്ന ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെ.

ഫസ്ലുര്‍ റഹ്മാന്‍

പുറത്തു നിന്നും വന്നവര്‍ മര്‍ദ്ദിക്കുന്നതിനിടെ തങ്ങള്‍ രക്ഷിച്ച ഹിന്ദുക്കളെ കുറിച്ചും, ഇപ്പോഴും തുടരുന്ന ചെറുത്തു നില്‍പ്പിനേയും കുറിച്ചാണ് ഫസ്ലൂര്‍ റഹ്മാന് പറയാനുള്ളത്. പ്രദേശത്ത് ഹിന്ദു-മുസ്‌ലിം സാഹോദര്യം നിലനിര്‍ത്താന്‍ പൊലീസും അധികാരികളും വേണ്ട ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. 17 വയസുകാരനായ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണം.

വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്‌തെങ്കിലും കൊല്‍ക്കത്തയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ബദുരെ നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ ബ്ലോക്ക് ചെയ്ത അക്രമികള്‍, നിരവധി പേരെ അക്രമിക്കുകയും കടകമ്പോളങ്ങള്‍ തകര്‍ത്തതായും പൊലീസ് പറയുന്നു.


Don”t Miss: ‘അനസേ നിനക്കൊപ്പം ആ ചെളിയിലേക്ക് എനിക്കും ഇറങ്ങണം’; അനസിനൊപ്പം മുണ്ടപ്പലത്തെ ചെളിയില്‍ ഫുട്‌ബോള്‍ തട്ടാനുള്ള ആഗ്രഹം അറിയിച്ച് മെലൂദ


കലാപത്തിന്റേയും നിലയ്ക്കാത്ത സംഘപരിവാറിന്റെ കുപ്രചരത്തിന്റേയും ഇടയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതിരുകള്‍ നോക്കാത്ത ഇതുപോലുള്ള ചിലര്‍ ഐക്യത്തിന്റെ കരുത്ത് കാണിച്ചു തരുന്നു. രാജ്യത്തിന്റെ ഐക്യത്തേയും മതേതരത്വത്തേയും സംരക്ഷിക്കാനും കലാപങ്ങളിലേക്കും വര്‍ഗ്ഗീയതയിലേക്കും കടക്കാതെ നോക്കാനും ഒരുപാടു പേര്‍ ഇവിടെയുണ്ടെന്ന് അവര്‍ നമുക്ക് കാണിച്ച് തരുന്നു.