ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് അവസാനിപ്പിച്ച് മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തൂവെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
റെസ്‌ക്യൂ ഓപ്പറേഷന് വേണ്ടി സര്‍ക്കാര്‍ ഹൈ പ്രഷര്‍ പമ്പുകള്‍ എത്തിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോദിക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോദിയുടെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു.
മോദി ട്രെയിനിലുള്ളവര്‍ക്കുനേരെ കൈവീശുന്നതാണ് ക്യാമറ ചിത്രീകരിക്കുന്നത്. വീഡിയോയുടെ ഫ്രയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ പതിഞ്ഞത് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു.
ഇത്തരത്തില്‍ വെറും ക്യാമറ പ്രണയുമായി സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന മോദി ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെന്ന വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്.
“” രണ്ടാഴ്ചയായി ജീവന് വേണ്ടി 15 ഖനി തൊഴിലാളികള്‍ പൊരുതുകയാണ്. എന്നാല്‍ മോദിയോ, ബോഗിബീലിന് മുകളില്‍ ക്യാമറയ്ക്ക് പോസ് ചെയ്ത് കളിക്കുന്നു. റെസ്‌ക്യൂ ഓപ്പറേഷന് കേന്ദ്രസഹായം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പ്രധാനമന്ത്രി അവരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടി കൈക്കൊള്ളണം””- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
#WATCH Prime Minister Narendra Modi at Bogibeel Bridge, a combined rail and road bridge over Brahmaputra river in Dibrugarh. #Assam pic.twitter.com/LiTR9jO5ks
— ANI (@ANI) December 25, 2018
ആവശ്യമായ ഉപകരണങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ തൊഴിലാളികളെ രക്ഷപ്പെടുത്താനാവുമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ ലഭിച്ചില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാരിന് രക്ഷാപ്രവര്‍ത്തനം ഒറ്റയ്ക്ക് നടത്താന്‍ സാധിക്കുന്നില്ലെന്നും മേഘാലയിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ 13 നാണ് കിഴക്കന്‍ മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടത്. സമീപനദിയില്‍നിന്നുള്ള വെള്ളം ഇരച്ചുകയറിയതോടെ 370 അടി താഴ്ചയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. 20 പേരടങ്ങുന്ന തൊഴിലാളി സംഘത്തില്‍നിന്ന് അഞ്ചുപേര്‍ക്ക് മാത്രമാണ് പുറത്തുകടക്കാനായത്.
ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശക്തിയേറിയ പമ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രക്ഷാദൗത്യം നിര്‍ത്തിവെച്ച നിലയിലാണ് ഉള്ളത്.