00:00 | 00:00
ആനയെ കയറ്റി വിട്ടാല്‍ ഞങ്ങള്‍ ഒഴിഞ്ഞുപോകുമെന്ന് കരുതണ്ട ആറളത്തെ ആദിവാസികള്‍ പറയുന്നു
ഷഫീഖ് താമരശ്ശേരി
2018 Aug 01, 07:47 am
2018 Aug 01, 07:47 am

കേരളത്തിന്റെ വനമേഖല മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളുടെ ഇടമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്.കാട്ടിലെ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ പലവിധത്തിലുള്ള പ്രതിവിധികള്‍ നാം സ്വീകരിക്കാറുണ്ട്. എന്നാല്‍ ഭരണകൂടസംവിധാനങ്ങളുടെ ബോധപൂര്‍വമായ പ്രവൃത്തികള്‍ മൂലം ആയിരക്കണക്കിന് മനുഷ്യര്‍ ഭീതിയില്‍ കഴിയുന്ന സാഹചര്യമാണ് കണ്ണൂരിലെ ആറളത്ത് നാം കാണുന്നത്.

 

മുത്തങ്ങ സമരമടക്കം, ഭൂരാഹിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുന്നയിച്ച് കേരളത്തില്‍ നിരന്തരമായി നടന്ന ആദിവാസി സമരങ്ങളുടെ പശ്ചാത്തലത്തിലാണ് 2004 ല്‍ ആറളം ഫാം കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരള സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പാക്കേജ് രൂപം കൊള്ളുന്നത് ഇങ്ങനെയാണ്. ഏഴായിരം ഏക്കറോളം വരുന്ന ഈ ഭൂമിയുടെ പകുതി ഭാഗം ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചുനല്‍കുമെന്നും ബാക്കി പകുതിയില്‍ ഇവരുടെ ജീവനോപാധികള്‍ക്ക് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ന്നാല്‍,ആദിവാസി വികസന ഫണ്ടില്‍ നിന്നും കോടികള്‍ ചിലവഴിച്ച് വാങ്ങിയ ഈ ഭൂമിയുടെ വനത്തോട് ചേര്‍ന്നുകിടക്കുന്ന പകുതി മാത്രമാണ് ആദിവാസികള്‍ക്ക് നല്‍കിയത്. ഈ ഭൂമിയില്‍ അന്നുവരെ അവര്‍ പരിപാലിച്ചിരുന്ന ഇലക്ട്രിക് ഫെന്‍സിംഗും ഇല്ലാതാക്കി. ഇതും കൂടാതെയാണ് 2010 ല്‍ ഇവിടെ പൈനാപ്പിള്‍ കൃഷി ആരംഭിക്കുന്നത്.

പുനരധിവസിക്കപ്പെടുന്ന ആദിവാസികളുടെ ജീവന്‍ സംരക്ഷിക്കുവാനുള്ള സംവിധാനങ്ങളെ റദ്ദാക്കുക മാത്രമല്ല, പുനരധിവാസ കേന്ദ്രത്തെ വന്യജീവികളുടെ വിഹാര മേഖലയാക്കി മാറ്റി ആദിവാസികളെ കൊലയ്ക്ക് കൊടുക്കുക കൂടിയാണ് സര്‍ക്കാറുകള്‍ ചെയ്തിട്ടുള്ളത്. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്കുമെല്ലാം നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കുവാനുള്ള നിയമമുണ്ടിവിടെ. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണക്ക്. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നു. എന്നാല്‍ ഈ നഷ്ടപരിഹാരം പോലും ആദിവാസികള്‍ക്ക് ലഭിക്കാറില്ല.

പൊരുതിനേടിയ ഭൂമിയിലേക്ക് കാട്ടുമൃഗങ്ങളെ കയറ്റിവിട്ടാല്‍ ആദിവാസികള്‍ ഒഴിഞ്ഞുപോകുമെന്നാണ് ഫാം അധികൃതര്‍ കരുതുന്നതെങ്കില്‍ അത് സാധ്യമല്ല എന്ന് ആറളത്തെ കുടുംബങ്ങള്‍ ഒന്നടങ്കം പറയുന്നു.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍