ഫാന്‍സ് തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസിന്റെ ലാത്തിചാര്‍ജ്; ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ചതഞ്ഞരഞ്ഞ് നൂറിലേറെ മരണം
Sports
ഫാന്‍സ് തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസിന്റെ ലാത്തിചാര്‍ജ്; ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ചതഞ്ഞരഞ്ഞ് നൂറിലേറെ മരണം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 12:52 pm

ഈസ്റ്റ് ജാവ: ഫുട്ബോള്‍ ആരാധകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിച്ച് ഇന്തോനേഷ്യ. ഏറ്റുമുട്ടലിലും തുടര്‍ന്നുണ്ടായ ലാത്തിചാര്‍ജിലും പെട്ട് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു.

ഇന്തോനേഷ്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ഈസ്റ്റ് ജാവയില്‍ വെച്ച്, എതിരാളികളായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍ തമ്മില്‍ നടന്ന മത്സരത്തിന് ശേഷമാണ് ദാരുണ സംഭവം നടന്നത്.

ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയിലും പിന്നീട് ഗ്രൗണ്ടിലും നടന്ന ഏറ്റുമുട്ടലിന് പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. കണ്ണീര്‍വാതകവും പ്രയോഗിച്ചു.

ഇതില്‍ നിന്നും രക്ഷ നേടാനായി പലരും ചിതറിയോടി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചതഞ്ഞരഞ്ഞും ശ്വാസം കിട്ടാതെയുമാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായിരിക്കുന്നത്.

129 പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.

ശനിയാഴ്ച ഈസ്റ്റ് ജാവയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്. പേര്‍സിബായ സുരബായയും അരേമ മലങ്ങും തമ്മിലായിരുന്നു മത്സരം.

അരേമ എഫ്.സിയെ പേര്‍സിബായ 3-2ന് പരാജയപ്പെടുത്തുകയായിരുന്നു. ഹോം ഗ്രൗണ്ടില്‍ വെച്ചേറ്റ പരാജയമാണ് അരേമ ആരാധകരെ ചൊടിപ്പിച്ചത്.

ഇതേ തുടര്‍ന്ന് ഇവര്‍ പേര്‍സിബായ ഫാന്‍സുമായി വാക്ക് തര്‍ക്കവും കയ്യേറ്റവും തുടങ്ങിയെന്നും പിന്നീടവര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയെന്നും പൊലീസ് പറയുന്നു. കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടുപോകുന്ന സ്ഥിതിയെത്തിയപ്പോഴാണ് തങ്ങള്‍ ഇടപെട്ട് ആവശ്യ നടപടികള്‍ സ്വീകരിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

‘വല്ലാതെ അക്രമാസക്തമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. അവര്‍ പൊലീസ് ഓഫീസര്‍മാരെ ആക്രമിക്കാന്‍ തുടങ്ങി. കാറുകളും നശിപ്പിച്ചു,’ ഈസ്റ്റ് ജാവ പൊലീസ് ചീഫ് നികോ അഫിന്റ മാധ്യമങ്ങളോട് പറഞ്ഞു.

മത്സരശേഷം ഗ്രൗണ്ടില്‍ നടന്ന സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ഉത്തരവിട്ടു. ഫുട്‌ബോള്‍ മാച്ചുകളുടെ സുരക്ഷാസംവിധാനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കായിക മന്ത്രിക്കും പൊലീസിനും ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും പ്രസിഡന്റ് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇന്തോനേഷ്യയില്‍ ഒരാഴ്ചത്തേക്ക് എല്ലാ മാച്ചുകളും നിര്‍ത്തിവെച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. അരേമ എഫ്.സിയുടെ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ നടത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Stampede after fans clash at football game in Indonesia that killed 129