ത്രില്ലര്‍ സിനിമകളുടെ വാര്‍പ്പുമാതൃകകളെ തകര്‍ത്ത സിനിമയായിരുന്നു 2015ല്‍ ഇറങ്ങിയ ശ്രീറാം രാഘവന്റെ ബദ്‌ലാപൂര്‍. വരുണ്‍ ധവാന്‍ നായകനായ ബദ്‌ലാപൂര്‍ നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ശ്രീറാം രാഘവന്‍ അടുത്തതായി ചെയ്ത അന്ധാധുന്‍ ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങി. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. അന്ധാധുന് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെറി ക്രിസ്മസ്. വിജയ് സേതുപതി, കത്രീനാ കൈഫ് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.
സിനിമയില്‍ വിജയ് സേതുപതിയെ കാസ്റ്റ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍. ‘ഞാന്‍ ആദ്യം കാണുന്ന വിജയ് സേതുപതി സിനിമ സൂപ്പര്‍ ഡീലക്‌സാണ്. ആ സിനിമയുടെ കഥയും അതില്‍ വിജയുടെ കഥാപാത്രവും എനിക്കിഷ്ടമായി. അപ്പോള്‍ തന്നെ ഞാന്‍ ഈ നടനെ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് വിക്രം വേദ കാണുന്നത്. അതും എനിക്കിഷ്ടപ്പെട്ടു. അതിന് ശേഷം മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലിന് പോകുമ്പോള്‍ വിമാനത്തില്‍ വെച്ചാണ് ഞാന്‍ 96 കാണുന്നത്. അതുവരെ അങ്ങനെ ഒരു സിനിമയെപ്പറ്റി ഞാന്‍ കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. അങ്ങെനെ ഒരു സിനിമ ഉണ്ടെന്ന അറിവ് പോലും എനിക്ക് ഇല്ലായിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ആ സിനിമ വളരെയിഷ്ടമായി. എന്റെ കഥയ്ക്ക് വിജയ് ചേരുമെന്ന് തോന്നി. അതിനു ശേഷം അതിന്റെ സംവിധായകനോടും വിജയ് സേതുപതിയോടും സംസാരിച്ചു. വിജയ് സേതുപതിയും മെല്‍ബണിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞു. അവിടെ എത്തിയ ശേഷം വിജയ്‌യോട് നേരിട്ട് സംസാരിച്ചു.
താങ്കള്‍ക്ക് ഹിന്ദി എത്രത്തോളം അറിയാമെന്ന ചോദ്യത്തിന്, കുറെക്കാലം ദുബായില്‍ ജോലി ചെയ്തിട്ടുണ്ട് എന്നായിരുന്നു മറുപടി. പിന്നീട് എന്റെ സഹ എഴുത്തുകാരോടൊക്കെ വിജയ് സേതുപതി, കത്രീനാ കൈഫ് ജോഡി എങ്ങനെയുണ്ടാകുമെന്ന ചോദ്യത്തിന് വളരെ ഇന്‍ട്രെസ്റ്റിംഗ് ആയിട്ടുണ്ടെന്ന് പറഞ്ഞു. കാരണം ആരും ഇങ്ങനെ ഒരു ജോഡി പ്രതീക്ഷിക്കില്ല’ ശ്രീറാം രാഘവന്‍ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ സിറ്റി എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
മെറി ക്രിസ്മസ് ജനുവരി 12ന് തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്യും. ടിപ്സ് ഫിലിംസ്, മാച്ച്ബോക്സ് പിക്ചേഴ്സ് എന്നീ സ്റ്റുഡിയോകളുടെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ അശ്വിനി കല്‍സേക്കര്‍, രാധികാ ആപ്തേ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.
Content Highlight: Sriram Raghavan about Vijay Sethupathi