ജൂലൈ 27, 28, 30 തീയതികളിലായി ഇന്ത്യയ്‌ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ഇതോടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും അജിത് അഗാക്കറിന്റെയും നേതൃത്വത്തില്‍ ഇന്ത്യയുടെ ടി-20 സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി സൂര്യകുമാര്‍ യാദവിനാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്.
പര്യടനത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ ഗംഭീറും അഗാക്കറും സൂര്യയെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഡ്രസ്സിങ് റൂമില്‍ നിന്നും സൂര്യയ്ക്ക് നല്ല ഫീഡ് ബാക്ക് ഉണ്ടായിരുന്നെന്നും എല്ലാ മത്സരങ്ങളിലും ഉണ്ടാകുന്ന താരത്തിനെയാണ് ക്യാപ്റ്റനായി വേണ്ടതെന്നുമാണ് ഇരുവരും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അഗാക്കറിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.
‘ഡ്രസ്സിങ് റൂമില്‍ നിന്നുള്ള ഫീഡ്ബാക്കിന് അവര്‍ പോയതായി ഞാന്‍ കരുതുന്നു. അത് ഐ.പി.എല്ലില്‍ നിന്നായിരിക്കണം. ഫിറ്റ്‌നസ് വിഷയങ്ങളില്‍ ഞാന്‍ വിയോജിക്കുന്നു. ഐ.പി.എല്‍ 2024-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അവന്‍ എല്ലാ മത്സരങ്ങളും കളിച്ചു. ലോകകപ്പില്‍, എല്ലാ ഗെയിമുകളിലും അവന്‍ ഉണ്ടായിരുന്നു, മികച്ച പ്രകടനവും അവന്‍ കാഴ്ചവെച്ചു,’ശ്രീകാന്ത് പറഞ്ഞു.
‘ഡ്രസ്സിങ് റൂമില്‍ നിന്നുള്ള പ്രതികരണം എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. സൂര്യകുമാര്‍ യാദവിന് ഒരു മികച്ച ക്യാപ്റ്റനാകാന്‍ കഴിയും, എന്നാല്‍ ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ ന്യായമല്ല, ഹര്‍ദിക്കിനെ ഒഴിവാക്കിയെന്നും അവര്‍ വളരെക്കാലമായി സൂര്യകുമാര്‍ യാദവിനെ നോക്കുകയായിരുന്നുവെന്നും അവര്‍ക്ക് എളുപ്പത്തില്‍ പറയാമായിരുന്നു.
ഞാനും സെലക്ടര്‍മാരുടെ ചെയര്‍മാനായിരുന്നു, ഞാനും കളിക്കാരെ തെരഞ്ഞെടുത്തിരുന്നു. തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ നിങ്ങളുടെ നീക്കത്തിന് പിന്നില്‍ നിങ്ങള്‍ ഒരു നല്ല വിശദീകരണം കൊണ്ടുവരണം. സെലക്ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കണം,’ ശ്രീകാന്ത് പറഞ്ഞു.
Content Highlight: Srikkanth lashes out at Ajit Agarkar for giving excuses to keep Hardik Pandya out from T20I captaincy