ഏതൊരു സ്പോര്‍ട്സ് താരത്തിനും ഏറ്റവും പ്രാധാനപ്പെട്ട കാര്യമാണ് ശരീരം ഫിറ്റായി നിലനിര്‍ത്തുകയെന്നത്. പ്രത്യേകിച്ച് ക്രിക്കറ്റ് പോലെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗെയിമുകളില്‍. എത്ര കഴിവുള്ള കളിക്കാരനാണെങ്കിലും ഫിറ്റ്നസ് നിലനിര്‍ത്തിയില്ലെങ്കില്‍ ക്രിക്കറ്റില്‍ അധികകാലം നിലനില്‍ക്കാനാകില്ല.
കളിക്കാരുടെ ഫിറ്റനസിന് ഒരുപാട് പ്രാധാന്യം നല്‍കുന്ന ഈ കാലത്ത് നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
കളിക്കാര്‍ക്ക് ബോര്‍ഡ് നിര്‍ദേശിക്കുന്ന നിശ്ചിത ഫിസിക്കല്‍ ടെസ്റ്റ് പാസാവാന്‍ സാധിച്ചില്ലെങ്കില്‍ താരങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.
ഇക്കാരണം കൊണ്ട് താരങ്ങള്‍ തങ്ങളുടെ ഫിറ്റമെസ് കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥമായി തന്നെ പരിശ്രമിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.
‘ക്രിക്കറ്റ് കളിക്കാര്‍ കഠിനാധ്വനം ചെയ്താല്‍ മാത്രമേ അവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ,’ ശ്രീലങ്കയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഷമ്മി സില്‍വ പറയുന്നു.
ഈ തീരുമാനം നടപ്പിലാക്കാന്‍വേണ്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെയുണ്ടായിരുന്ന യോ-യോ ടെസ്റ്റിന് പകരം ‘2കി.മി. റണ്‍ ഫിറ്റനസ് ടെസ്റ്റ്’ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്.
അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ രണ്ട് കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിയാതെ വന്നാല്‍ ടെസ്റ്റില്‍ പരാജയപ്പെടുകയും, കളിക്കാരന്റെ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യും.
എട്ട് മിനിട്ടിനുള്ളില്‍ 2 കിലോമീറ്റര്‍ ദൂരം ഓടിയായിരുന്നു ആദ്യം കളിക്കാര്‍ കായികക്ഷമത തെളിയിച്ചുകൊണ്ടിരുന്നത്. പിന്നീട് 8 മിനിട്ട് എന്നുള്ളത് 8.55 മിനിട്ടായി ഉയര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ 8 മിനിറ്റ് 10 സെക്കന്റുകള്‍ക്കുള്ളില്‍ 2 കിലോമീറ്റര്‍ ദൂരം ഓടി ഫിറ്റ്‌നെസ് തെളിയിക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അവശ്യപ്പെട്ടിരിക്കുന്നത്.