പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനക്ക് ഉപയോഗിച്ച സംഭവത്തിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുക്കും. പത്ത് വയസുകാരനായ മകന്‍റെ ദേഹത്ത് ഇയാൾ എം.ഡി.എം.എ ചെറുകവറുകളിലാക്കി സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വിൽപ്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് 39കാരനെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നു എന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതിയുടെ മൊഴി. പത്ത് വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ ഒട്ടിച്ചുവെയ്ക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടർന്ന് ആർക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാരിലേക്ക് എം.ഡി.എം.എ അടക്കമുള്ള രാസലഹരിയെത്തിക്കുന്നതായിരുന്നു പ്രതിയുടെ രീതി.
മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡി.വൈ.എസ്‍.പി എസ്. അഷാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എം.ഡി.എം.എ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു.
ഇയാൾ കോളേജ് വിദ്യാർത്ഥികളെ കച്ചവടത്തിന്‍റെ ഏജന്‍റുമാരാക്കി മാറ്റിയെന്നും കണ്ടെത്തി. കർണാടകയിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Content Highlight: MDMA packet stuck on 10-year-old boy’s body for sale; Accused father to be charged under Juvenile Justice Act