ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ശ്രീലങ്ക ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നത്. ഓഗസ്റ്റ് 21നാണ് പരമ്പരയിലെ ആദ്യ മത്സരം.
പര്യടനത്തിന് മുമ്പ് തന്നെ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്ക. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഇയാന്‍ ബെല്ലിനെ ബാറ്റിങ് കോച്ചായി തെരഞ്ഞെടുത്താണ് ലങ്ക പര്യടനത്തിനിറങ്ങുന്നത്.
ബെല്ലിനെ കോച്ചായി തെരഞ്ഞെടുത്ത വിവരം ശ്രീലങ്ക തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Sri Lanka Cricket appointed former England batsman Ian Bell as the ‘Batting Coach’ of the national team for the ongoing tour.https://t.co/CvaM44DSM0#ENGvSL
ഓഗസ്റ്റ് 16 മുതല്‍ പരമ്പര അവസാനിക്കുന്നത് വരെ ബെല്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന ഒരാള്‍ ടീമിനൊപ്പം ആവശ്യമാണെന്നും അദ്ദേഹത്തിന്റെ ഇന്‍പുട്ടുകള്‍ ടീമിന് ഗുണകരമാകുമെന്നും പ്രസ്താവനയില്‍ ശ്രീലങ്ക ക്രിക്കറ്റ് സി.ഇ.ഒ ആഷ്‌ലി ഡി സില്‍വ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനായി 118 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഇയാന്‍ ബെല്‍. റെഡ് ബോളില്‍ 42.69 ശരാശരിയില്‍ 7,727 റണ്‍സാണ് ബെല്‍ സ്വന്തമാക്കിയത്. 22 സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 235 ആണ്.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം
ആദ്യ മത്സരം – ഓഗസ്റ്റ് 21-25, ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്, മാഞ്ചസ്റ്റര്‍
രണ്ടാം മത്സരം – ഓഗസ്റ്റ് 29- സെപ്റ്റംബര്‍ 2, ലോര്‍ഡ്സ്
മൂന്നാം മത്സരം- സെപ്റ്റംബര്‍ 6-10, ദി ഓവല്‍, ലണ്ടന്‍
അതേസമയം, ദി ഹണ്‍ഡ്രഡിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് നായകന്‍ ഈ പരമ്പര കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. ഞായറാഴ്ച നടന്ന മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് – നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
ഇതിന് മുമ്പ് നടന്ന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസം കൈമുതലായി ഉണ്ടെങ്കിലും ക്യാപ്റ്റന്റെ പരിക്ക് ഇംഗ്ലണ്ടിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിന്‍ഡീസിനെതിരെ നടന്ന മത്സരം 3-0ന് ക്ലീന്‍ സ്വീപ് ചെയ്താണ് ഇംഗ്ലണ്ട് വിജയിച്ചത്.