രണതുംഗയും ജയസൂര്യയും സംഗയും നെഞ്ചുപൊട്ടി കരയുന്നുണ്ടാവണം; 44 വര്‍ഷത്തിന് ശേഷം ഇതാദ്യം; തകര്‍ന്നടിഞ്ഞ് പഴയ പുലികള്‍
Sports News
രണതുംഗയും ജയസൂര്യയും സംഗയും നെഞ്ചുപൊട്ടി കരയുന്നുണ്ടാവണം; 44 വര്‍ഷത്തിന് ശേഷം ഇതാദ്യം; തകര്‍ന്നടിഞ്ഞ് പഴയ പുലികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st March 2023, 4:25 pm

2023 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കാതെ ശ്രീലങ്ക. ലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് ലങ്കക്ക് ഡയറക്ട് ക്വാളിഫിക്കേഷന്‍ നഷ്ടമായത്. ഹാമില്‍ട്ടണില്‍ വെച്ച് നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ശ്രീലങ്കക്ക് തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്കക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കാതെ പോവുന്നത്. ഇതോടെ നേപ്പാള്‍ അടക്കമുള്ള അസോസിയേറ്റ് രാജ്യങ്ങള്‍ക്കെതിരെ യോഗ്യതാ മത്സരങ്ങള്‍ കളിച്ചുവേണം ശ്രീലങ്കക്ക് ഇന്ത്യയിലേക്ക് വണ്ടി കയറാന്‍.


1996ലെ ലോകകപ്പ് ചാമ്പ്യന്‍മാര്‍ 2011ലെ റണ്ണേഴ്‌സ് അപ്പ് തുടങ്ങി ഏകദിന ക്രിക്കറ്റില്‍ എണ്ണിയൊലൊടുങ്ങാത്ത നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ ശ്രീലങ്കയുടെ അധഃപതനത്തില്‍ ആരാധകര്‍ ഏറെ നിരാശരാണ്.

നേരത്തെ, ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മോശം തുടക്കമായിരുന്നു ലങ്കക്ക് ലഭിച്ചത്. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ഓപ്പണര്‍ നുവാനിന്ദു ഫെര്‍ണാണ്ടോയെ രണ്ട് റണ്‍സിന് നഷ്ടമായ ലങ്കക്ക് പിന്നാലെ വന്ന കുശാല്‍ മെന്‍ഡിസിനെയും ഏയ്ഞ്ചലോ മാത്യൂസിനെയും പൂജ്യത്തിനായിരുന്നു നഷ്ടമായത്. ടീം സ്‌കോര്‍ 50ല്‍ എത്തും മുമ്പേ നാല് വിക്കറ്റുകള്‍ ലങ്കന്‍ നിരയില്‍ നിലം പൊത്തിയിരുന്നു.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഓപ്പണറായ പാതും നിസങ്ക ആഞ്ഞടിച്ചിരുന്നു. 64 പന്തില്‍ നിന്നും 57 റണ്‍സ് നേടിയ നിസങ്കയായിരുന്നു ടോപ് സ്‌കോറര്‍. 31 റണ്ണടിച്ച ക്യാപ്റ്റന്‍ ദാസുന്‍ ഷണകയായിരുന്നു ടീമിനായി മികച്ചുനിന്ന മറ്റൊരു താരം.

ഒടുവില്‍ 41.3 ഓവറില്‍ 157 റണ്‍സിന് ലങ്ക ഓള്‍ ഔട്ടായി.

ന്യൂസിലാന്‍ഡിനായി ബൗളിങ് നിരയില്‍ മാറ്റ് ഹെന്റി, ഹെന്റി ഷിപ്‌ലി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്കും തുടക്കം മോശമായിരുന്നു. ഓപ്പണറായ ചാഡ് ബൗസ് ഒരു റണ്‍സിനും ടോം ബ്ലണ്ടല്‍ നാല് റണ്‍സിനും പുറത്തായി.

ആറിന് രണ്ട് എന്ന നിലയില്‍ പതറിയ കിവികളെ വണ്‍ ഡൗണ്‍ ബാറ്ററായ വില്‍ യങ്ങാണ് തോളിലേറ്റിയത്. 113 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടിയ യങ്ങിന് പുറമെ 52 പന്തില്‍ നിന്നും 44 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സും ലങ്കയുടെ പരാജയം ഉറപ്പാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ന്യൂസിലാന്‍ഡ് പിടിച്ചടക്കി.

 

Content Highlight: Sri Lanka missed out on direct Cricket World Cup qualification