ലോകകപ്പിൽ സൂര്യകുമാർ സച്ചിനെ കണ്ടുപഠിക്കണം; ശ്രീശാന്ത്
Cricket
ലോകകപ്പിൽ സൂര്യകുമാർ സച്ചിനെ കണ്ടുപഠിക്കണം; ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th September 2023, 12:06 pm

ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന് നിർദേശവുമായി മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ ശ്രീശാന്ത്.

ലോകകപ്പിൽ സൂര്യകുമാർ യാദവ് സച്ചിൻ ടെണ്ടുൽക്കറിന്റെ ബാറ്റിങ് ശൈലി പിന്തുടരണമെന്നാണ് ശ്രീശാന്ത് പറഞ്ഞത്.

സെപ്റ്റംബർ 15ന് ഏഷ്യാ കപ്പ്‌ സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലെ താരത്തിന്റെ ബാറ്റിംങ് പ്രകടനം വിലയിരുത്തികൊണ്ടാണ് മലയാളി താരം സ്കൈക്ക് നിർദേശം നൽകിയത്. 34 പന്തിൽ 26 റൺസ് മാത്രമാണ് താരത്തിന് ആ മത്സരത്തിൽ നേടാൻ സാധിച്ചത്.

‘സൂര്യകുമാർ യാദവ് നെറ്റ്‌സിൽ ചിലവഴിക്കുന്ന സമയം വർധിപ്പിക്കണം. സച്ചിൻ പാജി നെറ്റ്‌സിൽ 1-2 മണിക്കൂർ ബാറ്റ് ചെയ്യുമായിരുന്നു. ഇത് ക്രീസിൽ കൂടുതൽ സമയം നില്ക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്താൽ സ്കൈയുടെ മസിൽ മെമ്മറിയെ ഇത് സഹായിക്കും. അവൻ നന്നായി കളിക്കുമെന്ന് എനിക്കുറപ്പുണ്ട്. ലോകകപ്പിൽ ഇന്ത്യ നേടുമെന്നും പ്രതീക്ഷിക്കുന്നു,’ ശ്രീശാന്ത് സ്പോർട്സ് കീഡയോട് പറഞ്ഞു.

‘ഏകദിന ഫോർമാറ്റിൽ സ്കൈ സ്വാഭാവിക കളി നിലനിർത്തണം. സ്പോടനാത്മകമായ ഷോട്ടുകൾ കളിക്കാൻ നിങ്ങളുടെ മനസ് പറയുന്നുവെങ്കിൽ അത് തന്നെ ചെയ്യുക, ‘ ശ്രീ കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സ്വന്തം തട്ടകത്തിൽ ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നത്. സെപ്റ്റംബർ 22, 24, 27 ദിവസങ്ങളിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും.

തുടർന്ന് സെപ്റ്റംബർ 30ന് ഇംഗ്ലണ്ടിനെതിരെയും ഒക്ടോബർ മൂന്നിന് നെതർലാൻസിനെതിരെയും സന്നാഹ മത്സരം കളിക്കും.

ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Sreesanth suggested that Suryakumar Yadav should follow Sachin Tendulkar’s style of play in the World Cup.