പണ്ട് വരവേല്‍പ്പ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ തനിക്ക് വന്നൊരു കോളിനെ കുറിച്ച് പറയുകയാണ് നടന്‍ ശ്രീനിവാസന്‍. തന്റെ നാട്ടിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് വന്ന കോളിനെ കുറിച്ചായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.
അന്ന് അയാള്‍ വിളിച്ചിട്ട് ‘ഇതൊക്കെ വേണമായിരുന്നോ’ എന്നാണ് ചോദിച്ചതെന്നും കഥയില്‍ തന്റെ ഭാവനയൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് അറിയാലോയെന്ന് താന്‍ ഉടനെ തിരികെ ചോദിച്ചെന്നും നടന്‍ പറയുന്നു. വണ്‍ റ്റു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.
‘പണ്ട് വരവേല്‍പ്പ് എന്ന സിനിമ ഇറങ്ങിയ ശേഷം എനിക്കൊരു കോള്‍ വന്നിരുന്നു. ഞങ്ങളുടെ നാട്ടിലെ പാര്‍ട്ടി ഓഫീസില്‍ നിന്നായിരുന്നു ആ വ്യക്തി വിളിച്ചത്. വരവേല്‍പ്പ് സിനിമ കണ്ടുവെന്ന് അയാള്‍ എന്നോട് പറഞ്ഞു.
ഞാന്‍ അതിന് സന്തോഷമെന്ന് മാത്രം മറുപടി നല്‍കി. ഉടനെ ‘ഇതൊക്കെ വേണമായിരുന്നോ’ എന്നായിരുന്നു അയാള്‍ ചോദിച്ചത്. കഥയില്‍ എന്റെ ഭാവനയൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് താങ്കള്‍ക്ക് അറിയാമല്ലോയെന്ന് ഞാന്‍ ഉടനെ തിരികെ ചോദിച്ചു.
അതിന് അയാള്‍ പറഞ്ഞത് ‘ഞാന്‍ പറഞ്ഞന്നേയുള്ളൂ’ എന്ന് മാത്രമായിരുന്നു. തിരികെ ഞാനും അതുതന്നെയായിരുന്നു പറഞ്ഞത്. ഞാനും പറഞ്ഞന്നേയുള്ളൂ (ചിരി),’ ശ്രീനിവാസന്‍ പറഞ്ഞു.
വരവേല്‍പ്പ്:
ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. 2009ല്‍ വരവേല്‍പ്പ് ഹിന്ദിയില്‍ ചല്‍ ചലാ ചല്‍ എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
കേരളത്തെ അലട്ടുന്ന ട്രേഡ് യൂണിയന്‍ പ്രശ്നങ്ങളും യൂണിയന്‍ അംഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഭരണത്തില്‍ നിലനില്‍ക്കുന്ന വൃത്തികെട്ട രാഷ്ട്രീയവുമായിരുന്നു ഈ സിനിമയിലെ വിഷയം. മോഹന്‍ലാലിന് പുറമെ വരവേല്‍പ്പില്‍ ശ്രീനിവാസന്‍, മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ് എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.
Content Highlight: Sreenivasan Talks About A Call That Get After His Movie