Film News
അതൊക്കെ കൊണ്ടാണ് മമ്മൂട്ടി ഈ പ്രായത്തിലും ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്: ശ്രീനാഥ് ഭാസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 15, 06:23 pm
Wednesday, 15th December 2021, 11:53 pm

മമ്മൂട്ടിയുടെ ആരാധകരാകെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ബിലാലും ഭീഷ്മപര്‍വവും. മമ്മൂട്ടിയുടെ എക്കാലത്തേയും മാസ് സിനിമയായ ബിലാലിന്റെ രണ്ടാം വരവിനായാണ് കാത്തിരിക്കുന്നതെങ്കില്‍ ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ മുടിയും താടിയും നീട്ടിയുള്ള മാസ് ലുക്ക് തന്നെ ആരാധകരെ അക്ഷമരാക്കുന്നു.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് സ്വപ്‌നമാണെന്നാണ് ശ്രീനാഥ് പറയുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങള്‍ ശ്രീനാഥ് പങ്കുവെച്ചത്.

‘ഭീഷ്മപര്‍വത്തിന്റെ ഭാഗമായത് വലിയ അനുഗ്രഹമായാണ് കാണുന്നത്. അത് ഒരു ഇതിഹാസ സിനിമയാണ്. മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്‌നം തന്നെയാണ്,’ ശ്രീനാഥ് പറഞ്ഞു.

‘മമ്മൂട്ടിയുടെയും ഭീഷ്മയുടെ മുഴുവന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അമലേട്ടന്റെ (അമല്‍ നീരദ്) പടത്തില്‍ അഭിനയിക്കുക എന്നത് ഒരു സ്വപ്‌നമായിരുന്നു. മമ്മൂട്ടിയോട് വളരെ ബഹുമാനമാണ്. അദ്ദേഹം വളരെ കഠിനാധ്വാനിയാണ്.

മമ്മൂക്കയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം അദ്ദേഹത്തെയും ആ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്ന രീതി, ഡിസിപ്ലിന്‍, ഡെഡിക്കേഷന്‍ എല്ലാം. അതൊക്കെ കൊണ്ടാണ് ഈ പ്രായത്തിലും ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്,’ ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച പ്രീസ്റ്റിലും ശ്രീനാഥ് ഭാസി അഭിനയിച്ചിരുന്നു. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ഭീഷ്മപര്‍വത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sreendh bhasi about mammootty