Entertainment news
പുള്ളിക്കാരന്‍ വളരെ ഡൗണ്‍ ടു എര്‍ത്താണ്, ഒരു കാര്യം എങ്ങനെ ഡീല്‍ ചെയ്യണമെന്ന് പഠിപ്പിച്ചുതരും: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 22, 12:57 pm
Thursday, 22nd September 2022, 6:27 pm

ഫ്രീക്ക് പയ്യനായെത്തി അഭിനയ മികവ് കൊണ്ട് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച യുവനടനാണ് ശ്രീനാഥ് ഭാസി. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന ഭാസിയുടെ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരും കാത്തിരിക്കാറുണ്ട്.

അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പിയാണ് ഭാസിയുടേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. ശ്രീനാഥ് ഭാസി സോളോ ഹീറോ വേഷത്തില്‍ ആദ്യമായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്.

നടന്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് പറയുകയാണ് ഭാസിയിപ്പോള്‍. സിനിമാ മേഖലയില്‍ ഡൗണ്‍ ടു എര്‍ത്ത് ആക്ടര്‍ ആരാണെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഭാസി. കുഞ്ചാക്കോ ബോബനാണ് താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഡൗണ്‍ ടു എര്‍ത്തായ നടന്‍ എന്നാണ് താരത്തിന്റെ മറുപടി. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘അള്ള് രാമേന്ദ്രന്‍ ഷൂട്ട് ചെയ്യുന്ന സമയം. പാതിരാത്രി മൂന്ന് മണിക്കോ മറ്റോ ആണ് ഷൂട്ട്. ഞാന്‍ നോക്കുമ്പോള്‍ രണ്ട് മച്ചാന്മാര്‍ കള്ളു കുടിച്ചിട്ട് നല്ല ബഹളമാണ് ചാക്കോച്ചന്റെ അടുത്ത്. ചാക്കോച്ചന്‍ ഇങ്ങനെ ഇരുന്ന കേള്‍ക്കാണ്. റിയാക്ട് പോലും ചെയ്യുന്നില്ല.

ഞാന്‍ വന്നിട്ട് അവരോട് മച്ചാനേ പൊയ്‌ക്കേ എന്ന് പറഞ്ഞു. എഅവര്‍ വല്ലാതെ കുടിച്ചിരിക്കുകയാണല്ലോ എന്ന് ചാക്കോച്ചനോട് പറഞ്ഞു. ഭാസി വേണ്ട മാറി നില്‍ക്ക് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അതാണ് ക്ലാസ്. എങ്ങനെ ഡീല്‍ ചെയ്യണം എന്ന് പഠിപ്പിച്ചു തരുവാണ് ചാക്കോച്ചന്‍. ഹി ഈസ് വെരി പേഷ്യന്റ്, എ വണ്ടര്‍ഫുള്‍ ഗൈ,’ ഭാസി പറയുന്നു.

 

കറിയ എന്ന കഥാപാത്രത്തെയാണ് ഭാസി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകന്‍.

ശ്രീനാഥ് ഭാസി എന്ന അഭിനേതാവ് പലപ്പോഴും അസാമാന്യ പ്രകടനങ്ങള്‍ കൊണ്ട് നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. പറവയിലെ വില്ലനും , വൈറസിലെ ഡോക്ടര്‍ ആബിദ് റഹ്മാനും, കപ്പേളയിലെ റോയിയും, ട്രാന്‍സിലെ കുഞ്ഞനും ഹോമിലെ ആന്റണി ഒലിവര്‍ ട്വിസ്റ്റും തുടങ്ങി ഭീഷ്മപര്‍വ്വത്തിലെ അമി വരെയുള്ള വ്യത്യസ്തതയാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കറിയ അതിലും മുകളിലായിരിക്കുമെന്നാണ് ചട്ടമ്പിയുടെ അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്റെ ടീസറും പിന്നീട് വന്ന രണ്ട് ട്രെയ്‌ലറുകളും ആ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍.

Content Highlight: Sreenath bhasi says kunchacko boban is a down to earth actor