തന്റെ തന്നെ മുന്‍ തമിഴ് മാസ് സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. സെപ്റ്റംബര്‍ ഏഴിന് തിയേറ്ററിലെത്തിയ ജവാന്‍ നെറ്റ്ഫ്‌ളികിസില്‍ ഒ.ടി.ടി റിലീസായി എത്തിയിരിക്കുകയാണ്. പിന്നാലെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ജവാനില്‍ ചിത്രീകരിച്ചിരിക്കുന്ന ജയിലാണ് അതില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന ഘടകങ്ങളിലൊന്ന്. ജയിലറായി ജോലി ചെയ്യുന്ന ആസാദ് ജയിലിന്റെ മറവില്‍ രാജ്യത്തിനായി നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണ് ജവാന്റെ ഇതിവൃത്തം. അതിനാല്‍ തന്നെ ജയില്‍ സിനിമയിലെ നിര്‍ണായക സാന്നിധ്യമാണ്.
നിരവധി പ്രത്യേകതകളുള്ള ഈ ജയില്‍ ഏത് പാരലല്‍ യൂണിവേഴ്സിലാണ് എന്ന് പ്രേക്ഷകര്‍ ചിന്തിച്ചാല്‍ അതില്‍ അതിശയോക്തി ഇല്ല. ആസാദിന്റെ സാമ്രാജ്യമാണ് ജയില്‍. സ്ത്രീകളാണ് ഇവിടുത്തെ തടവുപുള്ളികള്‍. ട്രെയ്ന്‍ ഹൈജാക്കിന് ശേഷം ജയിലില്‍ ആര്‍ഭാടപൂര്‍വം ഒരുക്കിയ പാട്ട് കാണുമ്പോള്‍ ഒരു കൊമേഴ്സ്യല്‍ സിനിമ ആണല്ലോ എന്ന പരിഗണന കൊടുക്കാമെന്നാവും പ്രേക്ഷകര്‍ ചിന്തിക്കുക. പിന്നീടുള്ള രംഗങ്ങളാണ് ഇത് ഇന്ത്യയിലെ ജയില്‍ തന്നെയാണോ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
3000ത്തോളം വരുന്ന തടവുപുള്ളികള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യത്തിന് എ.കെ. 47 ഉള്ള അധോലോക സമാനമാണ് ആസാദിന്റെ ജയില്‍. മാത്രവുമല്ല എഫ്.എം. റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ജയിലില്‍ ഓപ്പറേഷനും പ്രസവവും വരെ നടത്താനുള്ള സൗകര്യങ്ങളുണ്ട്.
സിനിമ തന്നെ ഒരു പാരലല്‍ യൂണിവേഴ്സിലായതുകൊണ്ട് ജയില്‍ രംഗം അഡ്ജസ്റ്റ് ചെയ്ത് കാണാം. ആദ്യപാതിയില്‍ എസ്.ആര്‍.കെയ്ക്കൊപ്പം കട്ടക്ക് നിന്ന ജയിലിലെ ഗേള്‍സ് ഗാങ്ങിന് സെക്കന്റ് ഹാഫില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സെക്കന്റ് ഹാഫില്‍ ആണ്‍ ആഘോഷ ഫോര്‍മാറ്റിലേക്ക് തന്നെയാണ് ജവാനും സഞ്ചരിച്ചത്. അച്ഛന്‍-മകന്‍ ഷോയിലാണ് സിനിമ അവസാനിക്കുന്നത്.
Content Highlight: Specialities of jail in jawan movie