കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. വിലപേശലുകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ നടപടി.
ഇതിന് പിന്നാലെ പ്രതിപക്ഷവും ഗവര്‍ണര്‍ക്ക് നേരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കളുടെ പണിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വെള്ളിയാഴ്ച നയപ്രഖ്യാപനപ്രസംഗത്തിന് മുമ്പേ പ്രതിഷേധിച്ചതിനും ‘ആര്‍.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിച്ചതിനും ബാനറുകള്‍ ഉയര്‍ത്തിയതിന് ഗവര്‍ണര്‍ പ്രതിപക്ഷത്തിനെ ശകാരിച്ചിരുന്നു.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വി.ഡി. സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കണമെന്നായിരുന്നു സംഭവത്തിന് പിന്നാലെ ഗവര്‍ണറുടെ ഉപദേശം.
പ്രതിപക്ഷനേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞു തിരിഞ്ഞ് നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ ഉപദേശിക്കേണ്ടെന്നായിരുന്നു ഇതിന് മറുപടിയുമായി വി.ഡി. സതീശന്‍ പറഞ്ഞത്.
‘അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍’ എന്ന സതീശന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഞ്ച് പാര്‍ട്ടികളിലൊക്കെ ഒരാള്‍ക്ക് മാറി മാറി നില്‍ക്കാന്‍ കഴിയുമോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ആരിഫ് മുഹമ്മദ് ഖാന്റെ ‘അഞ്ച് പാര്‍ട്ടികളിലെ അലഞ്ഞുതിരിയല്‍’ എങ്ങനെയാണെന്ന് പരിശോധിക്കാം
1977ല്‍ സ്വതന്ത്ര പാര്‍ട്ടിസ്ഥാപകനായ ഭാരതീയ ലോക് ദള്‍ നേതാവ് ചരണ്‍സിങ്ങിന്റെ അനുയായിയായി ആണ് ആരിഫ് മുഹമ്മദ് ഖാന്‍ സജീവ രാഷ്ട്രീയത്തിലെത്തുന്നത്. തുടക്കത്തില്‍ അദ്ദേഹം ജനതാപാര്‍ട്ടിക്കാരനായിരുന്നു.
1980ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനതാപാര്‍ട്ടി ക്ഷയിച്ചുപോയതോടെ ആരിഫ് ഖാന്‍ ഇന്ദിരയുടെ കോണ്‍ഗ്രസില്‍ ചേരുകയും കാണ്‍പൂരില്‍ നിന്നും മത്സരിച്ച് എം.പി ആവുകയും ചെയ്തു. കോണ്‍ഗ്രസില്‍ ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഖാന്‍ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണം ശാബാനു ബീഗം കേസ് ആയിരുന്നു.
പിന്നീട്, ബൊഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച വി.പി. സിംഗ്, അരുണ്‍ നെഹ്‌റു, മുഫ്തി മുഹമ്മദ് സെയ്ദ്, വി.സി. ശുക്ല, രാംധന്‍, രാജ് കുമാര്‍ റായി, സത്യപാല്‍ മാലിക് എന്നിവരുമായിച്ചേര്‍ന്ന് ജനമോര്‍ച്ച എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തു.
തുടര്‍ന്ന് ജനമോര്‍ച്ച ജനതാദളായി പരിണമിച്ചു. പിന്നീട് ബി.എസ്.പിയിലും, ശേഷം ബി.ജെ.പിയിലും പ്രവര്‍ത്തിച്ചു. 2007ല്‍ അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് അകന്നെങ്കിലും മുത്തലാക്ക് വിഷയത്തോടെ മോദി സര്‍ക്കാരുമായി അദ്ദേഹം അടുക്കുകയായിരുന്നു.