തിരുവനന്തപുരം: എം.എം. മണി എം.എല്‍.എ നിയമസഭയില്‍ കെ.കെ. രമ എം.എല്‍.എക്കെതിരെ നടത്തിയ പരമാര്‍ശം അനുചിതമാണെന്നും പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്. വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസും ഉന്നതമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.
പാര്‍ശവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പരിഗണന നല്‍കണമെന്നും രാജേഷ് പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാല്‍ലമെന്ററി അല്ലെങ്കിലും അനുചിതമായ വാക്കുകള്‍ ഇടപെട്ട് രേഖയില്‍ നിന്ന് നീക്കം ചെയ്യുമെന്നും രാജേഷ് പറഞ്ഞു.
സ്പീക്കര്‍ എം.ബി. രാജേഷ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില വാക്കുകള്‍ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്.
ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാര്‍വത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വായ്‌മൊഴികള്‍ എന്നിവ ഇന്ന് ഉപയോഗിച്ച് കൂടാത്തതുമാകുന്നത്.
മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, ചെയ്യുന്ന തൊഴില്‍, പരിമിതകള്‍, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്തകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്‌കൃതമായിട്ടാണ് കണക്കാക്കുന്നത്. അവയെല്ലാം സാമൂഹിക വളര്‍ച്ചയ്ക്കും ജനാധിപത്യബോധത്തിന്റെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളര്‍ന്നുവരുന്നുണ്ട്.