national news
യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി ഡോ. കഫീല്‍ ഖാന്‍ മത്സരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 16, 08:03 am
Wednesday, 16th March 2022, 1:33 pm

ലഖ്നൗ: യു.പി ലജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഡോ. കഫീല്‍ ഖാനെ മത്സരിപ്പിക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി. ഇക്കാര്യം എസ്.പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.

ദെവാരിയ-കുശിനകര്‍ സീറ്റില്‍ നിന്നാണ് കഫീല്‍ ഖാന്‍ മത്സരിക്കുക. 2016ല്‍ എസ്.പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്.

ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ലജിസ്ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 12നാണ് വോട്ടെണ്ണല്‍.

കഫീല്‍ ഖാന്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം ‘ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി’ അഖിലേഷിന് നല്‍കുകയും ചെയ്തു.

2017 ആഗസ്റ്റില്‍ ഖൊരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ഇദ്ദേഹത്തെ 2021 ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

സംഭവത്തില്‍ കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2019 ല്‍ ഇദ്ദേഹം കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു.

 

Content Highlights: SP to field Kafeel Khan in Uttar Pradesh council polls