ഇവരെ പുറത്താക്കിയാല്‍ സെലക്ടര്‍മാര്‍ക്ക് ഭ്രാന്താണ് എന്നല്ലാതെ മറ്റെന്താണ് പറയുക; ഇന്ത്യന്‍ ടീമില്‍ നിന്നും ഒരിക്കലും പുറത്താക്കാന്‍ പാടില്ലാത്ത താരങ്ങളെ കുറിച്ച് ഗ്രെയിം സ്മിത്
ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെയാണ് ഈ വര്‍ഷം അവസാനം വരാനിരിക്കുന്ന ടി-20 ലോകകപ്പിനെ നോക്കിക്കാണുന്നത്. ടി-20യുടെ ചാമ്പ്യന്‍ പട്ടം ഒരിക്കല്‍ക്കൂടി ശിരസ്സിലണിയാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അരയും തലയും മുറുക്കി ഇറങ്ങുന്നത്.
താരസമ്പന്നതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ അഡ്വാന്റേജും ഡിസഡ്വാന്റേജും. ബാറ്റിങ്ങിലും ബൗളിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലുമടക്കമുള്ള താരങ്ങളുടെ ബാഹുല്യമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാവുന്നത്.
ആരെ ടീമില്‍ ഉള്‍ക്കൊള്ളിക്കണം, ആരെ തഴയണം, പ്രകടനം മാത്രമാകണമോ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അടിസ്ഥാനം എന്നെല്ലാമാണ് ഇന്ത്യന്‍ ടീമിനെ പ്രധാനമായും അലട്ടുന്നത്.
എന്നാല്‍, ടി-20 ലോകകപ്പിനിറങ്ങുന്ന ടീമില്‍ രണ്ട് താരങ്ങളെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്നും എന്തുവന്നാലും ഇവരെ പുറത്താക്കരുതെന്നും വ്യക്തമാക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ് ഗ്രെയിം സ്മിത്.
ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കുമാണ് തന്നെ ആകര്‍ഷിച്ച ഇന്ത്യന്‍ താരങ്ങളെന്നും അവരെ എന്തുതന്നെയായാലും ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.
ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കും ‘അണ്‍ഡ്രോപ്പബിള്‍ പ്ലെയേഴ്‌സാ’ണെന്നാണ് സ്മിത് പറയുന്നത്.
‘ഇനിയും ഒരുപാട് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാനുണ്ട്. വരാനിരിക്കുന്ന മാസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഹര്‍ദിക്കും ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ ടീമിന്റെ തന്നെ അവിഭാജ്യഘടകമാണെന്നാണ് ഞാന്‍ കരുതുന്നത്.
ഫിനിഷിങ് റോളില്‍ ഏറെ ശോഭിക്കുന്ന, എക്‌സപീരിയന്‍സുള്ള താരമാണ് ദിനേഷ് കാര്‍ത്തിക്. ഹര്‍ദിക് ഒരുപാട് വളരുകയും കളിയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കാന്‍ പ്രാപ്തനുമായിരിക്കകയാണ്.
അവന്‍ മാനസികമായി സ്ഥിരത കൈവരിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആവശ്യപ്പെടുന്ന എക്‌സ് ഫാക്ടര്‍ കൂടിയാണ് അദ്ദേഹം,” സ്മിത് പറയുന്നു.
കഴിഞ്ഞ ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.
150+ സ്‌ട്രൈക്ക് റേറ്റില്‍ നാല് ഇന്നിങ്‌സില്‍ നിന്നും 117 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ഇതിനോടൊപ്പം തന്നെ താനൊരു ഡിപ്പന്‍ഡബിള്‍ ഓള്‍ റൗണ്ടറാണെന്നും താരം തെളിയിച്ചിരുന്നു.
ഫിനിഷറുടെ റോളില്‍ തിളങ്ങിയ ദിനേഷ് കാര്‍ത്തിക്കും തന്റെ കരിയര്‍ ബെസ്റ്റ് ടി-20 പ്രകടനമാണ് പുറത്തെടുത്തത്. 158 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്. തന്റെ ആദ്യ ടി-20 ഇന്റര്‍നാഷണല്‍ ഫിഫ്ടിയും പരമ്പരയിലായിരുന്നു താരം സ്വന്തമാക്കിയത്.
Content Highlight: South African Legend Graeme Smith says Dinesh Karthik and Hardik Pandya are undroppable for T20 WC