World News
ഭക്ഷ്യക്ഷാമം നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 08, 04:15 am
Sunday, 8th September 2024, 9:45 am

ന്യൂദല്‍ഹി: ഭക്ഷ്യക്ഷാമം നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ ഭക്ഷ്യവിഭവങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ട്. സിംബാബ്‌വെ, സാംബിയ, മലാവി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ സഹായം നല്‍കിയതെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞത്.

ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രതികൂലമായ കാലാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരണ്ട കാലാവസ്ഥ കാരണം വിളകള്‍ക്കുള്‍പ്പെടെ ഭക്ഷ്യ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിംബാബ്‌വെ, മലാവി, സാംബിയ തുടങ്ങിയ ഇടങ്ങളിലേക്ക് 1000 മെട്രിക് ടണ്‍ അരി, ചോളം എന്നിങ്ങനെ ആവശ്യാനുസരണം മൂന്നുരാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ ട്വിറ്റര്‍ പോസ്റ്റില്‍ രേഖപ്പെടുത്തി.

സിംബാംബ്‌വെ ജനതയുടെ ഭക്ഷ്യസുരക്ഷാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യ 1000 മെട്രിക് അരി നല്‍കുന്നുവെന്നും പോസ്റ്റില്‍ കുറിച്ചു. സാംബിയയിലെ ജനതയുടെ പോഷകാഹാരാവശ്യങ്ങള്‍ നിറവേറ്റാന്‍ 1300 മെട്രിക് ചോളം അയച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്.

ഇതിനോടൊപ്പം എല്‍ നിനോ പ്രതിഭാസം മൂലം മലാവിയ കടുത്ത വരള്‍ച്ച അനുഭവിക്കുന്നുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം ഉണ്ടാവുമെന്നും പോസ്റ്റില്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

മലാവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും 1000 മെട്രിക് അരി മലാവിയിലേക്ക് പുറപ്പെടുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

പസഫിക് സമുദ്രത്തിലുണ്ടാവുന്ന പാറ്റേണുകള്‍ക്കനുരിച്ചാണ് എല്‍നിനോ, ലാനിനോ പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നത്. ഇത് ലോകമെമ്പാടുനുള്ള കാലാവസ്ഥകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: SOUTH AFRICAN countries face food shortages; ministery of external affairs of INDIA with assistance