ആരോടോ കരാര്‍ എടുത്തത് പോലെയാണല്ലോ തോല്‍ക്കുന്നത്; നാണംകെട്ട അഞ്ചില്‍ നാലും കങ്കാരുക്കളോട്
Sports News
ആരോടോ കരാര്‍ എടുത്തത് പോലെയാണല്ലോ തോല്‍ക്കുന്നത്; നാണംകെട്ട അഞ്ചില്‍ നാലും കങ്കാരുക്കളോട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st August 2023, 4:40 pm

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. മൂന്ന് ടി-20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്രോട്ടീസിന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. 111 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് സൗത്ത് ആഫ്രിക്കക്ക് വഴങ്ങേണ്ടി വന്നത്. ഓസീസ് ഉയര്‍ത്തിയ 227 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസ് 15.3 ഓവറില്‍ 115 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

റണ്‍സ് അടിസ്ഥാനത്തില്‍ ടി-20 ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. കൂടാതെ ഇത് രണ്ടാം തവണയാണ് കുട്ടിക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്ക നൂറിലധികം റണ്‍സിന് പരാജയപ്പെടുന്നത്.

ടി-20യില്‍ സൗത്ത് ആഫ്രിക്കക്ക് ഏറ്റവും വലിയ പരാജയമേറ്റുവാങ്ങേണ്ടി വന്നത് ഓസ്‌ട്രേലിയയോടാണ് എന്നതാണ് മറ്റൊരു വസ്തുത. ഏറ്റവുമധികം റണ്‍സിന് പരാജയപ്പെട്ട ആദ്യ അഞ്ച് മത്സരത്തില്‍ നാലിലും കങ്കാരുക്കള്‍ തന്നെയായിരുന്നു എതിരാളികള്‍.

ടി-20യില്‍ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ പരാജയങ്ങള്‍ (റണ്‍സ് അടിസ്ഥാനത്തില്‍)

(റണ്‍സ് – എതിരാളികള്‍ – വര്‍ഷം – വേദി – ഇരുടീമിന്റെയും സ്‌കോര്‍ എന്നീ ക്രമത്തില്‍)

111 – ഓസ്‌ട്രേലിയ – 2023 – ഡര്‍ബന്‍ (ഓസ്‌ട്രേലിയ 226/6 സൗത്ത് ആഫ്രിക്ക 115)

107 – ഓസ്‌ട്രേലിയ – 2020 – ജോഹനാസ്‌ബെര്‍ഗ് (ഓസ്‌ട്രേലിയ 196/6 സൗത്ത് ആഫ്രിക്ക 89)

97 – ഓസ്‌ട്രേലിയ – 2020 – കേപ് ടൗണ്‍ (ഓസ്‌ട്രേലിയ 193/5 സൗത്ത് ആഫ്രിക്ക 96)

95 – ഓസ്‌ട്രേലിയ – 2006 – ബ്രിസ്‌ബെയ്ന്‍ (ഓസ്‌ട്രേലിയ 209/3 സൗത്ത് ആഫ്രിക്ക 114)

95 – പാകിസ്ഥാന്‍ – 2013 – സെഞ്ചൂറിയന്‍ (പാകിസ്ഥാന്‍ 195/7 സൗത്ത് ആഫ്രിക്ക 100)

അതേസമയം, ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പര നേടാന്‍ സൗത്ത് ആഫ്രിക്കയുടെ മുമ്പില്‍ ഇനിയും അവസരങ്ങളുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ ഈ നാണക്കേട് മാറ്റിയെടുക്കാന്‍ പ്രോട്ടീസിന് സാധിക്കും.

സെപ്റ്റംബര്‍ രണ്ടിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഡര്‍ബനിലെ കിങ്‌സ്മീഡ് തന്നെയാണ് വേദി.

 

 

Content Highlight: South Africa’s biggest defeats in T20s